പാമൊലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നുവെന്ന് കോടതി

തൃശൂര്‍: പാമൊലിന്‍ ഇടപാടിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. അന്നു ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഫയലുകള്‍ കണ്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. കേസില്‍ മൂന്നാംപ്രതി മുന്‍ ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, നാലാംപ്രതി മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യൂസ് എന്നിവരുടെ വിടുതല്‍ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഇരുവരെയും കോടതി കുറ്റവിമുക്തരാക്കി. അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരേ സുപ്രധാനമായ പരാമര്‍ശമാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ് എസ് വാസന്‍ നടത്തിയത്. കേസില്‍ ഉമ്മന്‍ചാണ്ടി 23ാം സാക്ഷിയാണ്. ഇടപാടിനെക്കുറിച്ചറിയാവുന്ന ഉമ്മന്‍ചാണ്ടിയെ വേണ്ടിവന്നാല്‍ 319ാം വകുപ്പുപ്രകാരം കേസില്‍ പ്രതിചേര്‍ക്കാനാവുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രിസഭയുടെ തീരുമാനം അനുസരിക്കുക മാത്രമാണ് ഉദ്യോഗസ്ഥരുടെ ജോലി. ഇത്രമാത്രമാണ് ഇവര്‍ ചെയ്തിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി പത്മകുമാറിനെയും സക്കറിയ മാത്യൂസിനെയും കുറ്റവിമുക്തരാക്കിയത്. പാമൊലിന്‍ കേസില്‍ ആദ്യമായാണ് പ്രതിചേര്‍ക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കിയുള്ള കോടതിവിധി. ഇടപാടു കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുന്‍ എംഡി ജിജി തോംസണ്‍, മുന്‍ സെക്രട്ടറി പി ജെ തോമസ്, രണ്ടു കമ്പനി പ്രതിനിധികളടക്കമുള്ള അഞ്ചുപേര്‍ മാത്രമാണ് ഇനി പ്രതിപ്പട്ടികയിലുള്ളത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ ഒന്നാംപ്രതിയാക്കിയുള്ള കേസില്‍ മൊത്തം എട്ടു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കരുണാകരന്റെ മരണത്തോടെ അദ്ദേഹത്തെ കോടതി കേസില്‍നിന്ന് ഒഴിവാക്കി. വിചാരണാ നടപടികള്‍ മാര്‍ച്ച് 29ന് ആരംഭിക്കാനും കോടതി ഉത്തരവിട്ടു. അഡ്വ. എം സത്യനാഥ്, അഡ്വ. ഐസക് തോമസ് എന്നിവര്‍ ഹരജിക്കാര്‍ക്കായി കോടതിയില്‍ ഹാജരായി.[related]
Next Story

RELATED STORIES

Share it