kasaragod local

പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം

ബോവിക്കാനം: ജലസേചന വകുപ്പ് ജില്ലയില്‍ നടപ്പാക്കിയ വിവിധോദ്ദേശ പദ്ധതിയായ പാണ്ടിക്കണ്ടം  റഗുലേറ്റര്‍കം ബ്രിഡ്ജ് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. അമിത ജല ചൂഷിത പ്രദേശമായി വിജ്ഞാപനം ചെയ്തിട്ടുള്ള കാസര്‍കോട് താലൂക്കില്‍ കാര്‍ഷിക ജലസേചനം, കുടിവെള്ളം, ഗതാഗതം, ടൂറിസം വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ ഉപയോഗയോഗ്യമായ ഈ ബൃഹത്പദ്ധതി ബേഡഡുക്ക- മൂളിയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കും വിധം പയസ്വിനി പുഴയിലെ  പാണ്ടിക്കണ്ടത്താണ് നിര്‍മിച്ചിട്ടുള്ളത്.
ജലസേചന വകുപ്പിന്റെ ഡിസൈന്‍ വിഭാഗമായ ഐഡിആര്‍ഡിആണ് പദ്ധതിയുടെ ഡിസൈന്‍ തയ്യാറാക്കിയത്. ഈ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നീളം 106.40 മീറ്ററാണ്. 4.00 മീറ്റര്‍ ഉയരത്തില്‍ ജലം സംഭരിക്കുന്നതിനാണ് ഇത് ഡിസൈ ന്‍ ചെയ്തിട്ടുള്ളത്. പൂര്‍ണ സംഭരണശേഷിയില്‍ ഏകദേശം 3.00 കിമീ ദൂരം വരെ പുഴയില്‍ വെള്ളം സംഭരിച്ചു നിര്‍ത്താവുതാണ്. 9.80 മീ വീതിയുള്ള ഒമ്പത് സ്പാനുകളാണ് പാലത്തിനുള്ളത്. മൂളിയാര്‍, കൊളത്തൂര്‍, ബേഡഡുക്ക വില്ലേജുകളിലായി 2010 ഏക്കര്‍ കൃഷി സ്ഥലത്ത് ജലസേചനം സാധ്യമാക്കുവാന്‍ ഈ പദ്ധതി കൊണ്ട് സാധിക്കും.
പാണ്ടിക്കണ്ടത്ത് നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ കോഴിക്കോട് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ കെ പി രവീന്ദ്രന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി പി പി  മുസ്തഫ, സുഫൈജ അബൂബക്കര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഗോപാലന്‍, പഞ്ചായത്ത് അംഗങ്ങളായ കെ പ്രഭാകരന്‍, സി കുഞ്ഞിക്കണ്ണന്‍, കൃപാ ജ്യോതി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി രാമചന്ദ്രന്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ കെ എന്‍ സുഗുണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it