ernakulam local

പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേയുള്ള സമരത്തില്‍ സ്ത്രീകളുടെ സജീവ സാന്നിധ്യം



വൈപ്പിന്‍: പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണകേന്ദ്രത്തിനെതിരേ നടക്കുന്ന സമരത്തില്‍ സ്ത്രീകളുടെ സജീവ സാന്നിധ്യം. കൈക്കുഞ്ഞുങ്ങളുമായി എത്തിയ വീട്ടമ്മമാര്‍ക്കു പുറമെ വൃദ്ധരായ സ്ത്രീകളും സമരത്തില്‍ പങ്കെടുത്തിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് പോലിസ് നീക്കം ചെയ്തത്. സാധാരണ സമരങ്ങളില്‍ പുരുഷന്‍മാരാണ് സജീവമായി നിലകൊള്ളാറെങ്കിലും പതിവിനുവിപരീതമായി സ്ത്രീകളായിരുന്നു ഇന്നലെ നടന്ന സമരത്തില്‍ സജീവമായി നിലകെണ്ടത്. സമരക്കാരെക്കാള്‍ അധികം പോലിസ് സംഘം സ്ഥലത്തെത്തിയങ്കിലും നൂറ് കണക്കിന് സ്ത്രീകളാണ് സമര പ്രദേശത്ത്  തടിച്ചു കൂടിയത്. ഐഒസിയുടെ പ്രവേശനകവാടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് സമരത്തിനായി അണിനിരന്നത്. അമ്മമാരുടെ കൈകളില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളെ ബലമായി പിടിച്ചു വാങ്ങിയായിരുന്നു മാതാക്കളെ അറസ്റ്റ്‌ചെയ്ത് മാറ്റിയത്. പ്രായമായ സ്ത്രീകളെ പോലും അറസ്റ്റ് ചെയ്ത് പോലിസ് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത രണ്ട് കന്യാസ്ത്രീകളേയും പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കഴിഞ്ഞ 8 വര്‍ഷമായി തീരദേശ പരിപാലന നിയമങ്ങളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകളും ലംഘിച്ചുകൊണ്ടാണ് പുതുവൈപ്പിലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ഐഒസിയുടെ എല്‍പിജി സംഭരണി നിര്‍മാണം നടക്കുന്നതെന്നാണ് സമരസമിതിയുടെ ആക്ഷേപം. ഇവര്‍ നടത്തികൊണ്ടിരുന്ന നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ സമരം ഫെബ്രുവരി 16 മുതല്‍ ഉപരോധ സമരമായി മാറുകയും പാചകവാതക സംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയുമായിരുന്നു. 110 കോടി രൂപചെലവഴിച്ചു നിര്‍മാണം ആരംഭിച്ച പദ്ധതിക്കെതിരേ തുടക്കം മുതല്‍ പ്രദേശവാസികള്‍ സമര രംഗത്തുണ്ടായിരുന്നുവെങ്കിലും പിന്നീടാണ് സമരത്തിന്റെ രൂപം മാറിയത്. ഉപരോധ സമരത്തിന് പിന്തുണയര്‍പ്പിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര പന്തലിലെത്തുന്ന കാഴ്ചയാണ് ദിനം പ്രതി കണ്ടുകൊണ്ടിരുന്നത്.120 ദിവസമായി സമാധാനപരമായി നടക്കുന്ന സമരത്തിന് നേരെയാണ് പോലിസ് നടപടിയുണ്ടായത്.
Next Story

RELATED STORIES

Share it