Flash News

പാചകവാതക വില കൂട്ടി: നടുവൊടിഞ്ഞ് ജനം; കണ്ണടച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി/കൊച്ചി: കുടുംബ ബജറ്റ് തകര്‍ത്ത് സംസ്ഥാനത്ത് പാചകവാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. സാധാരണക്കാരെ പ്രതിസന്ധിയിലാക്കി തുടരുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കു പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ചുകൊണ്ട് പാചകവാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോ പാചകവാതകത്തിന് 688.50 രൂപയും 19 കിലോയുടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1229.50 രൂപയും നല്‍കണം.
ആഗോളവിപണിയിലെ തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയാണ് വില കൂട്ടാന്‍ കാരണമായി ഇന്ധന കമ്പനികള്‍ പറയുന്നത്. സബ്‌സിഡിയുള്ള ഉപയോക്താക്കള്‍ക്ക് സിലിണ്ടറിന് 190.66 രൂപ തിരികെ ലഭിക്കും. സബ്‌സിഡി സിലിണ്ടറിന്റെ വില ഫലത്തില്‍ 497.84 രൂപയാണ്. എന്നാല്‍, ഇത്തരത്തില്‍ നല്‍കുന്ന സബ്‌സിഡി പലര്‍ക്കും കൃത്യമായി കിട്ടാറില്ലെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
കിട്ടിയാല്‍ തന്നെ അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ അതിന്റെ പേരില്‍ പിഴയായി ബാങ്ക് തുക ഈടാക്കുകയും ചെയ്യും. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് വീട്ടുപയോഗ സാധനങ്ങളുടെ വിലയും വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ചരക്കുലോറികളുടെ വാടക വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് ലോറി ഉടമകളെന്ന് വ്യാപാരികള്‍ പറയുന്നു. ഇതും സാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാവുമെന്ന് ഇവര്‍ പറയുന്നു. പാചകവാതക വിലവര്‍ധനയുടെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ യാത്രക്കാരുടെ ആശ്രയമായ തട്ടുകട അടക്കമുള്ള ഹോട്ടലുകളിലെ ഭക്ഷണവിലയും അടുത്ത ദിവസങ്ങളില്‍ തന്നെ വര്‍ധിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അതേസമയം, പെട്രോള്‍ ലിറ്ററിന് ആറു പൈസയും ഡീസലിന് അഞ്ചു പൈസയും കുറഞ്ഞിട്ടുണ്ട്. ഇന്ധനവിലയിലെ മാറ്റവും ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നതും വിലമാറ്റത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസം പെട്രോളിന് ഏഴും ഡീസലിന് അഞ്ച് പൈസയും കുറച്ചിരുന്നു.
സംസ്ഥാനത്തിന് കിട്ടുന്ന അധിക നികുതിവരുമാനം ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിലായതോടെ കേരളത്തില്‍ വെള്ളിയാഴ്ച പെട്രോളിന് 1 രൂപ 10 പൈസ കുറഞ്ഞിരുന്നു. ഡീസലിന് ഒരു രൂപ 8 പൈസയും കുറച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 81.42 രൂപയും ഡീസലിന് 74.05 രൂപയുമാണ്.
Next Story

RELATED STORIES

Share it