പാകിസ്താന്‍ രണ്ടു തവണ ഇന്ത്യയില്‍ ആക്രമണത്തിന് ശ്രമിച്ചെന്ന് ഹെഡ്‌ലി

മുംബൈ: 2008ലെ മുംബൈ ആക്രമണത്തിനു മുമ്പ് പാകിസ്താന്‍ രണ്ടുതവണ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അമേരിക്കന്‍ ജയിലിലുള്ള ഡേവിഡ് ഹെഡ്‌ലി. ഇന്നലെ മുംബൈ സെഷന്‍സ് കോടതിയിലെ പ്രത്യേക ജഡ്ജി ജി എ സനാപിനു മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴി നല്‍കിയ മൊഴിയിലാണ് മുംബൈ ആക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍കൂടിയായ ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍.
രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമായും അഞ്ചു കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദാണ്. ഐഎസ്‌ഐ ഓഫിസര്‍ മേജര്‍ അലിയാണു തന്നെ മറ്റൊരു ഐഎസ്‌ഐ മേജറായ ഇഖ്ബാലിന് പരിചയപ്പെടുത്തിയത്. ഹാഫിസ് സഈദിന്റെ പ്രഭാഷണമാണ് തന്നെ ലശ്കറെ ത്വയ്യിബയിലേക്ക് അടുപ്പിച്ചത്. ലശ്കറെ ത്വയ്യിബയുടെ സാജിദ് മിര്‍ തനിക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യയില്‍ ബിസിനസ് തുടങ്ങാനും മുംബൈയുടെ വീഡിയോദൃശ്യം തയ്യാറാക്കാനും അദ്ദേഹമാണ് തന്നോടാവശ്യപ്പെട്ടത്- ഹെഡ്‌ലി പറഞ്ഞു.
ദാവൂദ് ഗീലാനി എന്ന തന്റെ പേര് 2006ല്‍ ഇന്ത്യയില്‍ ബിസിനസ് തുടങ്ങുന്നതിനുവേണ്ടി ഡേവിഡ് ഹെഡ്‌ലി എന്നു മാറ്റുകയായിരുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈനികരുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കൂടുതല്‍ സാഹസികമായ ദൗത്യം ഏല്‍പ്പിക്കാനുണ്ടെന്നു പറഞ്ഞ് ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ തടയുകയായിരുന്നെന്നും ഹെഡ്‌ലി മൊഴിനല്‍കി. മൊഴി രേഖപ്പെടുത്തല്‍ ഇന്നും തുടരും.
Next Story

RELATED STORIES

Share it