kannur local

പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ തുറക്കാന്‍ കഴിയാഞ്ഞത് ആശങ്കയുണ്ടാക്കി

ഇരിട്ടി: കാലവര്‍ഷം ശക്തിപ്രാപിച്ച് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നതോടെ പഴശ്ശി ജലസേചന പദ്ധതിയുടെ ഷട്ടറില്‍ മൂന്നിലൊന്ന് തുറക്കാന്‍ കഴിയാഞ്ഞത് ആശങ്കയുണ്ടാക്കി. 16 ഷട്ടറില്‍ 10 എ ണ്ണം മാത്രമായിരുന്നു തിങ്കളാഴ്ച വൈകീട്ട് വരെ തുറന്നിരുന്നുള്ളൂ.
ജലവിതാനം ക്രമാതീതമായി ഉയര്‍ന്നതോടെ ആറു ഷട്ടറുകള്‍കൂടി തുറന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുകിവിടാന്‍ ശ്രമം നടത്തിയെങ്കിലും കേബിള്‍ തകരാര്‍ മൂലം തുറക്കാന്‍ കഴിഞ്ഞില്ല. ഇന്ന ലെ രാവിലെ പുഴയില്‍ 20 മീറ്ററിലധികം വെള്ളം ഉയര്‍ന്നത് ആശങ്കയുണ്ടാക്കി. 27 മീറ്ററാണ് പുഴയിലെ സംഭരണ ശേഷി. 2012 ല്‍ ഷട്ടര്‍ തുറക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഇരിട്ടി ടൗണിലും വീടുകളിലും വെള്ളം കയറി കോടികളുടെ നാശനഷ്ടം ഉണ്ടായിരുന്നു. അതിന് സമാനമായ സംഭവം ഉണ്ടായേക്കുമോ എന്നായിരുന്നു അധികൃതരുടെ ഭയം.
എന്നാല്‍, 11 മണിയോടെ കേബിള്‍ തകരാര്‍ മാറ്റി മൂന്നു ഷട്ടറുകള്‍കൂടി തുറന്നു. ഇതോടെയാണ് ആശങ്ക അകന്നത്. 13 ഷട്ടറുകള്‍ തുറന്നതോടെ ജലവിതാനം ഉയര്‍ന്ന് പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിപ്രദേശം വരെ നിറഞ്ഞുകവിഞ്ഞു. പുഴയുടെ അതിര്‍—ത്തിയില്‍ ഉണ്ടാക്കിയ മണ്‍തിട്ട കുത്തൊഴുക്കില്‍ തകര്‍ന്നതോടെയാണ് വെള്ളം പദ്ധതിപ്രദേശത്തേക്ക് പ്രവേശിച്ചത്. ആറളം, അയ്യന്‍കുന്ന് ഭാഗങ്ങളിലും കര്‍ണാടകയിലെ ബ്രഹ്മഗിരി മലനിരകളിലും ഉണ്ടായ ശക്തമായ മഴയാണ് പുഴയിലെ ശക്തമായ നീരൊഴുക്കിന് കാരണം. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും ശക്തമായ നീരൊഴുക്ക് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇത് ഇരിട്ടി പാലത്തിന്റെ പൈലിങിനും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
പൈലിങിനായി ഒരുക്കിയ ഇരുമ്പുകമ്പികളും ഷീറ്റും കഴിഞ്ഞ ദിവസം ഒഴുകിപ്പോയിരുന്നു. പാലത്തിന്റെ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്ത് നിര്‍മിക്കേണ്ട തൂണിനായി ഉയര്‍ത്തിയ കൂറ്റന്‍ മണ്‍തിട്ട പകുതിയിലധികവും ഒഴുകിപ്പോയി.
ഇരിട്ടി ടൗണിനോട് ചേര്‍ന്ന ഭാഗത്തെ തൂണിന്റെ നാലു പൈലിങും ഒഴുകിപ്പോവാതിരിക്കാന്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it