Alappuzha local

പഴയപാലം പുനര്‍നിര്‍മാണം; പ്രധാന സ്ലാബ് വാര്‍ക്കല്‍ ഇന്നും നാളെയും



പൂച്ചാക്കല്‍: പഴയപാലം പുനര്‍നിര്‍മാണത്തോട് അനുബന്ധിച്ച പ്രധാന സ്ലാബ് വാര്‍ക്കല്‍ ഇന്നും നാളെയും നടക്കും. പഴയതും ബലക്ഷയവും അപകടഭീഷണിയുള്ളതുമായിരുന്ന പഴയപാലം പൂര്‍ണമായും പൊളിച്ചാണ് പുതിയത് നിര്‍മിക്കുന്നത്. ഒന്നര മാസം മുമ്പാണ് നിര്‍മാണം തുടങ്ങിയത്. നിലവില്‍ പഴയ പാലത്തിന്റെ സ്ഥലത്തു തന്നെ തോട്ടില്‍ ഇരുകരകളിലും മധ്യത്തിലും കോണ്‍ക്രീറ്റ് ഭിത്തികള്‍ സ്ഥാപിച്ച ശേഷം അവയുടെ മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വാര്‍ക്കലിനായി കമ്പികള്‍ ക്രമീകരിച്ചിരിക്കുകയാണ്. കമ്പികള്‍ക്കു പുറമേ കോണ്‍ക്രീറ്റ് നിറയ്ക്കുന്നതോടെ സ്ലാബ് തയാറാവും. കാലാവസ്ഥ അനുസരിച്ച് ഇന്നോ നാളെയോ ആയി പ്രധാന സ്ലാബ് വാര്‍ക്കല്‍ നടത്തുന്നതിനാണ് കരാറുകാരുടെ തീരുമാനം. വാര്‍ക്കലിനു ശേഷം അവ ഉറയ്ക്കണം. വീണ്ടും അവ പരിഷ്‌കരിച്ച് കൈവരികളും സ്ഥാപിക്കുന്നതോടെ പാലം നിര്‍മാണം പൂര്‍ത്തിയാവും.പഴയപാലത്തിലും അല്‍പം കൂടി മാത്രമെ പുതിയതിന് ഉയരം ഉണ്ടാവുകയുള്ളു. പഴയ പാലത്തിനു മൂന്നു മീറ്ററായിരുന്നു വീതി. പുതിയതിന് ആറു മീറ്റര്‍ വീതിയുണ്ടാവും. ഒമ്പതു മീറ്റര്‍ നീളമുണ്ടാവും. കൂടാതെ ഇരുവശവും പ്രധാന റോഡിലേക്ക് എത്തുന്നവിധം പഴയപാലം റോഡ് പുനരുദ്ധരിക്കുന്നതിനും തീരുമാനമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഒന്നര മാസത്തിനുള്ളില്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. പാലത്തിന്റെ നടുക്ക് തോട്ടില്‍ കോണ്‍ക്രീറ്റ് ഭിത്തികളുണ്ടെങ്കിലും ജലഗതാഗതത്തിന് അത് തടസമാകില്ലെന്നു കരാറുകാര്‍ പറയുന്നു. നാലുമീറ്ററോളം വീതി തോട്ടിലെ നടുവിടെ ഭിത്തിയുടെ ഇരുവശത്തുമായി ലഭിക്കും. പാലം നിര്‍മാണം പൂര്‍ത്തിയായ ശേഷം വശങ്ങളിലെ മടകള്‍ പൊട്ടിച്ച് തോട്ടിലെ നീരൊഴുക്ക് പഴയ പോലെയാക്കുമെന്നും കരാറുകാര്‍ വ്യക്തമാക്കി. എ എം ആരിഫ് എംഎല്‍എയുടെ ശുപാര്‍ശയില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ 96 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മാണം.
Next Story

RELATED STORIES

Share it