പഴകുളത്ത് പഞ്ചായത്തംഗത്തിന് നേരെ പട്ടാപ്പകല്‍ വധശ്രമം

അടൂര്‍/പഴകുളം: പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗത്തിനു നേരെ പട്ടാപ്പകല്‍ വധശ്രമം. ഏഴാം വാര്‍ഡംഗം ഷാജി അയത്തിക്കോണിലിനെ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ പള്ളിക്കല്‍ പഞ്ചായത്ത് ഓഫിസിന് സമീപമായിരുന്നു ആക്രമണം. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷാജിയുടെ മുന്നില്‍ മാരാകായുധങ്ങളുമായി മൂന്നംഗസംഘം ചാടിവീണ് ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ നിന്നു താഴെ വീണ ഷാജി, കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഷാജി അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. സിപിഎം പഞ്ചായത്ത് പ്രതിനിധികളായ ആറാം വാര്‍ഡ് അംഗം ബിജു, എട്ടാം വാര്‍ഡ് മെംബര്‍ അഖില്‍ എന്നിവരുടെ അറിവോടെയാണു തനിക്കു നേരെയുണ്ടായ അക്രമമെന്ന് ഷാജി അയത്തിക്കോണില്‍ പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പഴകുളത്ത് കഴിഞ്ഞ മാസങ്ങളിലായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ നടത്തുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണു സംഭവം. പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടിയില്‍ നാട്ടുകാരില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഷാജി അയത്തിക്കോണിലിന്റെ വര്‍ധിച്ചുവരുന്ന ജനപിന്തുണയും സ്വന്തം വാര്‍ഡില്‍ ഇക്കാലയളവില്‍ ചെയ്തുവരുന്ന വികസന പ്രവര്‍ത്തനങ്ങളും സിപിഎമ്മിനെ ഭയപ്പെടുത്തുന്നതിന്റെ തെളിവാണ് ഇത്തരം അക്രമങ്ങള്‍ക്കു പിന്നിലെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ അടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് ആസാദ് പന്തളം, അനീഷ് പറക്കോട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it