thrissur local

പള്ളിയില്‍ ജയ് ശ്രീരാം എന്നെഴുതിയ സംഭവം: പ്രതികളെ പിടികൂടാനായില്ല



കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ കിഴക്കെ നടയിലെ മുസ്്‌ലിം പള്ളിയില്‍ അതിക്രമിച്ചു കയറി ‘ജയ് ശ്രീറാം’ എന്നെഴുതിയ സംഭവത്തില്‍ പ്രതികളെ പിടികുടാനായില്ല. പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സാമൂഹിക വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരേ കൊടുങ്ങല്ലൂര്‍ പോലിസ് കേസെടുത്തു. പ്രതികളെ പിടികൂടാനോ ആര്‍എസ്എസ് സംഘ്പരിവാര്‍ ശക്തികളുടെ വര്‍ഗീയ സംഘര്‍ഷത്തിനുള്ള ശ്രമങ്ങളെ തടയാനോ ശ്രമിക്കാത്ത പോലിസ് ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തിന്‍മേലുള്ള പോലിസ് കടന്നു കയറ്റത്തില്‍ എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും പ്രതിയെ പിടികൂടാന്‍ വൈകുന്നത് ദുരൂഹമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ വര്‍ഗീയ നീക്കങ്ങളെ പൊതുസമൂഹം കരുതിയിരിക്കണം. നിലവിലെ സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങള്‍ വ്യാപകമാകാന്‍ സാധ്യതയുണ്ടെന്നും ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. മുസ്്‌ലിം പള്ളിയില്‍ ജയ്ശ്രീരാം എന്നെഴുതിയ സാമൂഹ്യദ്രോഹികളെ പിടികൂടാന്‍ വൈകിയാല്‍ എസ്ഡിപിഐ ജനകീയ പ്രക്ഷോപങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഭാരവാഹികളായ മനാഫ് പെഴുങ്കാട്, ഷെരീഫ് കരൂപ്പടന്ന, അനീസ് കൊടുങ്ങല്ലൂര്‍, ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊടുങ്ങല്ലൂരിലെ മുസ്്‌ലിംപള്ളിയില്‍ അതിക്രമിച്ച് കയറി പള്ളി മിമ്പറില്‍ ജയ് ശ്രീരാം എന്നെഴുതി വച്ചത്. ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടക്കാണ് സംഭവം നടന്നതെന്ന് പള്ളി ഭാരവാഹികള്‍ പറയുന്നു. നമസ്‌കാര പള്ളിയായതിനാല്‍ ജുമുഅ ദിവസം പള്ളിയില്‍ ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് സാമൂഹിക വിരുദ്ധര്‍ അകത്തുകടന്നതെന്ന് കരുതുന്നു.
Next Story

RELATED STORIES

Share it