malappuram local

പള്ളിക്കലിലെ മോഷണ ശ്രമം; സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവ് അറസ്റ്റില്‍

പള്ളിക്കല്‍: കവര്‍ച്ചാ ശ്രമത്തിനിടെ സിസിടിവി കാമറയില്‍ ചിത്രം പതിഞ്ഞ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് കണ്ണാടി ജലീലി (50)നെയാണ് തേഞ്ഞിപ്പലം എസ്‌ഐ പി എം രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് പള്ളിക്കല്‍ ബസാറിലെ വളപ്പില്‍ താഴത്തേരി ഷബീറിന്റെ വീട്ടില്‍ ജലീലും കൂട്ടാളി ചേലേമ്പ്ര സ്പിന്നിങ് മില്ലിനു സമീപം മാലാപറമ്പ് കോളനിയില്‍ താമസിക്കുന്ന അബ്ദുല്‍നാസ(46)റും മോഷണശ്രമം നടത്തിയിരുന്നു. ഇത് കാമറയില്‍ പതിഞ്ഞതിനാല്‍ മോഷണശ്രമം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനിടെ മൂന്നു ദിവസം മുമ്പ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമനാട്ടുകരയില്‍വച്ച് അബ്ദുല്‍നാസറിനെ തേഞ്ഞിപ്പലം പോലിസ് പിടികൂടി. ഇയാള്‍ തിരൂര്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. അബ്ദുല്‍നാസറിനെ ചോദ്യംചെയ്തതിലൂടെയാണ് മോഷണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കണ്ണാടി ജലീലാണെന്ന വിവരം പോലിസിന് ലഭിച്ചത്. ഇയാള്‍ക്കെതിരേ കൊണ്ടോട്ടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണമടക്കം പതിനേഴോളം കേസുകള്‍ നിലവിലുണ്ട്.
തുടരന്വേഷണത്തിനായി ജലീലിനെ കൊണ്ടോട്ടി പോലിസിനു കൈമാറി. മാരകായുധങ്ങളുമായിട്ടായിരുന്നു കണ്ണാടി ജലീലും അബ്ദുല്‍നാസറും പള്ളിക്കല്‍ ബസാറിലെ താഴത്തേരി ഷബീറിന്റെ വീട്ടില്‍ മോഷണത്തിനെത്തിയത്. ഇവരുടെ സംഘം കൊണ്ടോട്ടി, തേഞ്ഞിപ്പലം, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് തേഞ്ഞിപ്പലം പോലിസിനു വിവരം ലഭിച്ചു. തിരൂരില്‍ നിന്നു മോഷ്ടിച്ച് ഉപയോഗിച്ചുവന്നിരുന്ന ൈബക്ക് തേഞ്ഞിപ്പലം പോലിസ് കണ്ടെത്തി.
Next Story

RELATED STORIES

Share it