kasaragod local

പള്ളിക്കര മേല്‍പ്പാലം: പദ്ധതി നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു



കാസര്‍കോട്: ജില്ലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ പള്ളിക്കര മേല്‍പ്പാലം യാതാര്‍ഥ്യമാവുന്നു. പദ്ധതിയുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമാവുന്ന പള്ളിക്കര റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലമാവുന്നത്. പദ്ധതിക്കായി 52.67 കോടി രൂപ അനുവദിച്ചു. ഡിസംബര്‍ 12 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ടെന്‍ഡര്‍ സമര്‍പ്പിച്ച് നാലുമാസത്തിനകം നിര്‍മാണം ആരംഭിക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി മേല്‍പ്പാലം നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ വര്‍ഷം 40 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ദേശീയ പാത വികസനം അനന്തമായി നീണ്ട് പോവുകയായിരുന്നു. ഇതോടെ ജനങ്ങള്‍ നേരിടുന്ന രൂക്ഷമായ ഗതാഗത പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായി പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു. അഞ്ചു മാസത്തിനുള്ളില്‍ മേല്‍പ്പാലം നിര്‍മാണം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 20 മീറ്റര്‍ വീതമുള്ള നാലുവരിപ്പാതയായാണ് പദ്ധതി പൂര്‍ത്തിയാക്കുകയെന്ന് എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ നിലവിലുള്ള രണ്ടവരിപ്പാതയടക്കം കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാതയായി പദ്ധതി മാറും. നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും എംപി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it