Second edit

പറയാത്ത കാര്യം



സാമൂഹിക മാധ്യമങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് അസത്യങ്ങളുടെ ഘോരവനത്തിലെത്തിയ അനുഭവമുണ്ടാവും. കള്ളം പ്രചരിപ്പിക്കുന്നതില്‍ ഹിന്ദുത്വവിഭാഗങ്ങളാണ് മുമ്പില്‍ നില്‍ക്കുന്നത്. ചരിത്രപുരുഷന്‍മാരെ അവര്‍ തെറ്റായി ഉദ്ധരിക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കും. ഭഗവദ്ഗീത പരിഭാഷ ചെയ്തവരില്‍ മഹാഭൂരിപക്ഷം ഹിന്ദുക്കളായി മാറിയെന്ന അവകാശവാദമാണിപ്പോള്‍.ആഗസ്തില്‍ റാഞ്ചിയില്‍ നടന്ന ഒരു അക്കാദമിക സെമിനാറില്‍ ചരിത്രകാരനായ ഷാന്‍ ദ്രീസ് ഇത്തരം നുണകള്‍ പൊളിച്ചടുക്കിയിരുന്നു. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പരസ്യത്തില്‍ മഹാത്മാ ഗാന്ധി, ഗോത്രവര്‍ഗ നേതാക്കളായ ബിര്‍സ മുണ്ട, കാര്‍ത്തിക് ഒറാന്‍ എന്നിവര്‍ മതപരിവര്‍ത്തനം നിയന്ത്രിക്കണമെന്ന അഭിപ്രായക്കാരായിരുന്നു എന്നു തട്ടിവിട്ടത് ശുദ്ധപൊളിയാണെന്ന് ദ്രീസ് ചൂണ്ടിക്കാട്ടി. കുപിതനായ കേന്ദ്രമന്ത്രി രാധാമോഹന്‍സിങ് ദ്രീസില്‍ നിന്നു മൈക്ക് പിടിച്ചുവാങ്ങി.  സംസ്ഥാന മന്ത്രിമാര്‍ സദസ്സില്‍ ബഹളംവയ്ക്കുകയും ചെയ്തു. ആതിഥേയര്‍ ഭരണകക്ഷിയുടെ കോപം ഭയന്നു ദ്രീസിനെ തുടര്‍ന്നു പ്രസംഗിക്കാന്‍ അനുവദിച്ചില്ല. സത്യത്തെ ബഹളം വച്ചു നിശ്ശബ്ദമാക്കുന്ന ഇതേ തന്ത്രമാണ് കേന്ദ്ര സാഹിത്യ അക്കാദമി സമ്മാനം നേടിയ ആദിവാസി കാഥികന്‍ ഹന്‍സ ശേഖറിനു നേരെയും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രയോഗിച്ചത്. അദ്ദേഹത്തിന്റെ ഒരു കഥാസമാഹാരം ഗവണ്‍മെന്റ് നിരോധിച്ചത് ഇല്ലാത്ത ആരോപണങ്ങളുടെ ബലത്തിലാണ്. സന്താല്‍ ഗോത്രക്കാരിയുടെ ദയനീയ ജീവിതകഥയായിരുന്നു ശേഖര്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് നല്ല സാന്നിധ്യമുള്ള സര്‍ന മതക്കാരെ ഹിന്ദുക്കളാക്കി മാറ്റുന്ന സര്‍ക്കാരാണ് നിര്‍ബന്ധ മതപരിവര്‍ത്തനം തടയണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it