Editorial

പരീക്ഷാകേന്ദ്രങ്ങളില്‍ ഊരിവീണ മാനം

പരീക്ഷാകേന്ദ്രങ്ങളില്‍ ഊരിവീണ മാനം
X


സി ഫായിസ അബൂബക്കര്‍, കണ്ണൂര്‍

അങ്ങനെ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയും കഴിഞ്ഞു. എല്ലാം നീറ്റായിത്തന്നെ നടത്തിയ ആശ്വാസത്തിലാവണം നടത്തിപ്പുകാര്‍. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയവരില്‍ അടിവസ്ത്രം ഊരേണ്ടിവന്നത് കേവലം ഒരാള്‍ക്കു മാത്രമല്ല. എനിക്കുമുണ്ടായി ആ ദുരനുഭവം. അവസാനവട്ട പരിശോധനയും കഴിഞ്ഞ് പരീക്ഷാഹാളില്‍ കയറുമ്പോഴേക്കും അഭിമാനം അധികൃതരുടെ കൈയിലേല്‍പിക്കേണ്ടിവന്നവരാണു ഞങ്ങള്‍. അഡ്മിറ്റ് കാര്‍ഡിലുള്ള എന്‍ട്രി ടൈം അനുസരിച്ച് 8.30നാണ് ഞാന്‍ സെന്ററിലെത്തിയത്. ആദ്യമേയെത്തിയ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വളരെ പരിഭ്രാന്തരായി കാണപ്പെട്ടപ്പോഴാണ് വിശദ പരിശോധനയാണു നടക്കുന്നതെന്നറിഞ്ഞത്. ധരിച്ച വസ്ത്രങ്ങളൊന്നും അനുവദിക്കാതെ വന്നപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലായി. പൊതുവെ ഗ്രാമപ്രദേശമായതിനാല്‍ പുതിയ വസ്ത്രം കണ്ടെത്താനായി ഒരുപാട് അലയേണ്ടിവന്നു. ഒടുവില്‍ ഞങ്ങള്‍ സ്ലീവ് മുറിച്ച വസ്ത്രങ്ങള്‍ കണ്ടെത്തി തിരികെ വന്നു. അടിവസ്ത്രത്തിനടിയില്‍ തുണ്ടുകള്‍ ഒളിപ്പിച്ചിരിക്കാമെന്ന ഭയത്താലാവണം അവര്‍ വീണ്ടും എന്നെ തിരിച്ചയച്ചത്. ശിരോവസ്ത്രമോ പാദരക്ഷയോ അനുവദിക്കാതെ വന്നപ്പോള്‍ ഓപറേഷന്‍ തിയേറ്ററിലേക്കാണോ പ്രവേശിക്കുന്നതെന്ന് കണ്ടുനിന്നവര്‍ അറിയാതെ ചോദിച്ചുപോയി. മൂന്നു മണിക്കൂര്‍ പരീക്ഷാഹാളിനു പുറത്ത് രോഷാകുലരായിരുന്ന രക്ഷിതാക്കള്‍ നിയമങ്ങളെക്കുറിച്ച് വ്യാകുലതയോടെ ചര്‍ച്ചചെയ്യുകയായിരുന്നുവത്രേ. പ്രവേശനസമയം കഴിയാനിരിക്കെ വൈകിയെത്തിയ ചില വിദ്യാര്‍ഥിനികളെ ഭാഗ്യം തുണച്ചു. അധികൃതരുടെ വിശദ പരിശോധനയ്ക്ക് ഇരയാവേണ്ടിവന്നില്ല അവര്‍ക്ക്. അഭിമാനം അധികൃതരുടെ തിരുസമക്ഷത്തില്‍ സമര്‍പ്പിച്ചിട്ടാണെങ്കിലും പരീക്ഷയെഴുതിയത് ഭാവിയെക്കുറിച്ച നിറമേറിയ പ്രതീക്ഷകളില്‍ അനേകം രാവുകളും പകലുകളും വിയര്‍പ്പൊഴുക്കിയതിനാലാണ്. ഒരുപാട് ആകുലതകളോടെ പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ഥികളില്‍ നിയമങ്ങളുടെ പേരിലുള്ള സമ്മര്‍ദംകൂടി ചെലുത്തണോ? മതബോധങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ ശിരോവസ്ത്രം അനുവദിക്കാതിരുന്ന നടത്തിപ്പുകാര്‍ കോടതി വിധികളെയല്ലേ വെല്ലുവിളിച്ചത്?പരീക്ഷാ കമ്മീഷന്‍ നിര്‍ദേശിച്ച നടത്തിപ്പു രീതികള്‍ വളരെ ഭംഗിയായി നടത്തി പ്രശംസ നേടാനാവണം ക്രമക്കേടുകളുടെ പഴുതടയ്ക്കുന്നതില്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ തേടിയത്. ഞാനുള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അനുഭവിക്കേണ്ടിവന്ന മാനനഷ്ടത്തിന് ആരാണിനി ഉത്തരം പറയുക? താരമൂല്യങ്ങളൊന്നുമില്ലാത്തതിനാല്‍ ഞങ്ങളുടെ മാനഹാനി ഒരാഴ്ചകൊണ്ട് സമൂഹം മറന്നുകളയുമെന്നറിയാം. പേടിയുണ്ട്, വരുംവര്‍ഷങ്ങളില്‍ വിവസ്ത്രരായി പരീക്ഷയെഴുതാന്‍ ഇവര്‍ ഞങ്ങളോട് ആജ്ഞാപിച്ചേക്കാം. അതിനു മുമ്പു തന്നെ കാര്യമായ ഇടപെടലുകള്‍ ഉണ്ടായത് തരിമ്പെങ്കിലും ആശ്വാസകരമാണ്.   നിയമം അങ്ങനെയാണെന്ന് ഉത്തരം പറഞ്ഞവരോട് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്:— രാജ്യത്തുടനീളം നടക്കുന്ന അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയില്‍ ചുരുക്കം ചില സെന്ററുകളില്‍ മാത്രമാണോ നിയമങ്ങള്‍ ബാധകമാക്കിയത്? ക്രമക്കേടുകളില്ലാതെ പരീക്ഷ നടത്തുന്നതിനുള്ള പരീക്ഷാ കമ്മീഷന്റെ നിയമങ്ങളെ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കാമോ? നിയമം കൊണ്ടുവന്നവര്‍ക്കില്ലാത്ത ജാഗ്രത നടത്തിപ്പുകാര്‍ക്കു വേണോ? എന്തുതന്നെയായാലും ഞങ്ങളുടെ പൗരാവകാശങ്ങളാണു ലംഘിക്കപ്പെട്ടത്. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശനപ്പരീക്ഷയിലുള്‍പ്പെടെ ഒരു പരീക്ഷയിലും തലതാഴ്ത്തിയിരിക്കേണ്ട അധോഗതി ഇനിയും ഞങ്ങള്‍ക്കു വരുത്തിത്തീര്‍ക്കരുത്.
Next Story

RELATED STORIES

Share it