ernakulam local

പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിയെ ഇറക്കിവിട്ട സംഭവം ; പ്രിന്‍സിപ്പലിനെ ഉപരോധിച്ചു



കളമശ്ശേരി: ഹാള്‍ടിക്കറ്റ് കാണിച്ച് പരീക്ഷയെഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയെ ഐഡി കാര്‍ഡില്ലെന്ന കാരണത്താല്‍ പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് കെഎസ് യുവിന്റെ നേതൃത്വത്തില്‍ കളമശ്ശേരി ഗവ.പോളിടെക്‌നിക് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. കഴിഞ്ഞദിവസം 2013-16 ബാച്ചിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥിയായ അജിത്കുമാറിനെയാണ് ഐഡി പ്രൂഫ് ഇല്ലെന്നുപറഞ്ഞ് സപ്ലിമെന്ററി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയെ പരീക്ഷാ ഹാളില്‍നിന്നും ഇറക്കിവിട്ടത്. വിദ്യാര്‍ഥിയെ ഇറക്കിവിട്ട സംഭവം അറിഞ്ഞെത്തിയ കെഎസ് യു വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്. മുന്‍ കെഎസ് യു ജില്ലാ സെക്രട്ടറി എ കെ നിഷാദ് സംഭവം സംബന്ധിച്ച് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വിവരമറിയിക്കുകയും എംഎല്‍എ വിദ്യാഭ്യാസമന്ത്രിയുമായി സംഭവം സംബന്ധിച്ച് സംസാരിക്കുകയും പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി എംഎല്‍എ പറഞ്ഞു. നാളെമുതല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റുമായി പരീക്ഷ എഴുതാവുന്നതാണെന്നും കഴിഞ്ഞദിവസം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ക്ക് കത്തു നല്‍കുകയും ചെയ്തു. ബുധനാഴ്ചയാണ് കളമശ്ശേരി പോളിടെക്‌നിക് കോളജില്‍ അപ്ലൈഡ് മെക്കാനിക്കല്‍ ആന്റ് സ്ട്രങ്ത് ഓഫ് മെറ്റീരിയല്‍ എന്ന വിഷയത്തിന്റെ സപ്ലിമെന്റ് പരീക്ഷ എഴുതിക്കൊണ്ടിരിക്കെ ഐഡി കാര്‍ഡില്ലെന്ന കാരണംപറഞ്ഞ് ഉത്തരം എഴുതിയ പേപ്പറുകള്‍ വാങ്ങിച്ചെടുക്കുകയും പരീക്ഷാഹാളില്‍നിന്ന് ഇറക്കിവിടുകയും ചെയ്തത്. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉപരോധസമരത്തിന് കെഎസ് യു സംസ്ഥാന സെക്രട്ടറി അജ്മല്‍, ജില്ലാ സെക്രട്ടറി അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it