Flash News

പരിയാരം മെഡിക്കല്‍ കോളജിന് പുതിയ മുഖം

സമദ്  പാമ്പുരുത്തി
കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും കക്ഷിരാഷ്ട്രീയ യുദ്ധങ്ങള്‍ക്കും അറുതിയായി. മെച്ചപ്പെട്ട സേവനത്തിനൊപ്പം പുത്തന്‍ മുഖഛായയിലായിരിക്കും മെഡിക്ക ല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും ഇനി പ്രവര്‍ത്തിക്കുക. തിരുവനന്തപുരം ആര്‍സിസി മാതൃകയില്‍ മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനുമായുള്ള ഭരണസമിതി നിലവില്‍ വരും. വടക്കേ മലബാറില്‍ ഗവ. മെഡിക്കല്‍ കോളജിന്റെ അഭാവത്തി ല്‍ ആയിരക്കണക്കിനു സാധാരണക്കാരാണ് പരിയാരത്തെ ആശ്രയിക്കുന്നത്.
തുടക്കംതൊട്ടേ ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ വടംവലിയുടെ കേന്ദ്രമായിരുന്നു പരിയാരം മെഡിക്കല്‍ കോളജ്. 1993ല്‍ എം വി രാഘവന്‍ മുന്‍കൈയെടുത്താണ് പരിയാരത്ത് സഹകരണ മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. സിഎംപി നിയന്ത്രിത സൊസൈറ്റിക്ക് കീഴിലായിരുന്നു ഭരണം.
97ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തു. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ ഭരണം സൊസൈറ്റിക്ക് തിരിച്ചുനല്‍കി. 2006 ഡിസംബറില്‍ സൊസൈറ്റിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. 2007ല്‍ വിവാദ തിരഞ്ഞെടുപ്പിലൂടെ മെഡിക്കല്‍ കോളജ് ഭരണം സിപിഎം പിടിച്ചെടുത്തു. അന്നുമുതല്‍ സിപിഎം നിയന്ത്രിത ഭരണസമിതിക്കു കീഴിലാണു പ്രവര്‍ത്തനം. രാഷ്ട്രീയനേതാവിന്റെ മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ അനര്‍ഹമായി സീറ്റ് നല്‍കിയതും വഴിവിട്ട ഫീസ് ഘടനയും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഇതോടെ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. സമരവേലിയേറ്റങ്ങളായി പിന്നീട്. മെഡിക്കല്‍ കോളജ് സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്ന ആശയത്തോട് തുടക്കത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച ഭരണസമിതി, സ്ഥാപനം നഷ്ടത്തിലായതോടെ നിലപാട് മാറ്റി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. തുടര്‍ന്നു വന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇതേ വാഗ്ദാനം നല്‍കി. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, സഹകരണ സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായി നാലംഗ ഉപസമിതി രൂപീകരിച്ചു. ഇതോടെ നയപരമായ തീരുമാനങ്ങളെടുക്കാതെ ദൈനംദിന കാര്യങ്ങള്‍ മാത്രം നിര്‍വഹിച്ചു മുന്നോട്ടുപോവാന്‍ കോളജ് ഭരണസമിതി നിര്‍ബന്ധിതമായി.
1994-1995ല്‍ 46.5 കോടി രൂപ പരിയാരം മെഡിക്കല്‍ കോളജിനു വേണ്ടി സഹകരണ ഹോസ്പിറ്റല്‍ കോംപ്ലക്‌സ് സൊസൈറ്റി ഹഡ്‌കോയില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഇതു പലിശയും പിഴപ്പലിശയും അടക്കം 700 കോടി രൂപയായി കുന്നുകൂടി. തുക തിരിച്ചടപ്പിക്കാന്‍ ഹഡ്‌കോ നിയമനടപടി സ്വീകരിച്ചു. ഇതിനിടയില്‍ ആശുപത്രി സൊസൈറ്റിയും സര്‍ക്കാരും തിരിച്ചടവു തുക കുറയ്ക്കാന്‍ അഭ്യര്‍ഥിച്ചു. 262 കോടി അടച്ചാല്‍ ബാധ്യത ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉപസമിതി ഹഡ്‌കോ അധികൃതരുമായി ചര്‍ച്ച നടത്തി കരാറിലെത്തുകയായിരുന്നു. നിലവില്‍ വായ്പാ കുടിശ്ശിക സര്‍ക്കാര്‍ അടച്ചുതുടങ്ങിയിട്ടുണ്ട്. 262 കോടി രൂപ എട്ട് ഗഡുക്കളായി 2019 മാര്‍ച്ചിന് മുമ്പു നല്‍കാനാണു സര്‍ക്കാര്‍ തീരുമാനം. എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയും ഇതിനൊപ്പം അടച്ചുതീര്‍ക്കും. സര്‍ക്കാര്‍ കോളജ് ഏറ്റെടുത്തു നടത്തിയ വേളയില്‍ ശമ്പളച്ചെലവിനും മറ്റുമായി 162 കോടി നല്‍കിയത് എഴുതിത്തള്ളും.
119 ഏക്കര്‍ സ്ഥലവും കെട്ടിടസമുച്ചയങ്ങളും ഉള്‍പ്പെടെ 2,000 കോടിയോളം രൂപയുടെ ആസ്തിയാണ് പരിയാരം മെഡിക്കല്‍ കോളജിനുള്ളത്. മെഡിക്കല്‍ കോളജ്, നഴ്‌സിങ് കോളജ്, നഴ്‌സിങ് സ്‌കൂള്‍, ഫാര്‍മസി, ദന്തല്‍, സഹകരണ ആശുപത്രി കോംപ്ലക്‌സ്, സഹകരണ ഹൃദയാലയ എന്നിവയെല്ലാം ചേര്‍ത്ത് സ്വയംഭരണ സ്ഥാപനമാക്കാനാണു തീരുമാനം. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം ഇനി പുതിയ തസ്തികാനിര്‍ണയം നടത്തേണ്ടിവരും. ഈ തസ്തികകളിലേക്ക് നിലവിലുള്ള ജീവനക്കാരെ യോഗ്യതയനുസരിച്ച് നിലനിര്‍ത്താനാണു ധാരണ.
ഇവിടെ 2000ഓളം ജീവനക്കാരുണ്ട്. ഇതു കൂടുതലാണെന്നു സര്‍ക്കാര്‍ വിലയിരുത്തി. കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുത്തപ്പോള്‍ രണ്ടുവര്‍ഷത്തേക്ക് ത ല്‍സ്ഥിതി തുടര്‍ന്ന് ജീവനക്കാരെ നിലനിര്‍ത്തുകയാണു ചെയ്തത്.
Next Story

RELATED STORIES

Share it