പരിഗണനാ വിഷയങ്ങളില്‍ ഭേദഗതി; ആറ് ധനമന്ത്രിമാര്‍ രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: 15ാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങളില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ടു ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെ ആറു സംസ്ഥാന ധനമന്ത്രിമാര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് നിവേദനം നല്‍കി.
പരിഗണനാ വിഷയങ്ങളിലെ മൂന്നു പ്രധാന വിഷയങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണു നിവേദനത്തിലെ ആവശ്യം. സംസ്ഥാനങ്ങളുടെ ധനവിഹിതം കുറയ്ക്കുന്നതിനു പ്രേരിപ്പിക്കുന്ന ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക, റവന്യൂ കമ്മി നികത്തുന്നതിനുള്ള പ്രത്യേക ഗ്രാന്റ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഭേദഗതി ചെയ്യുക, വായ്പയെടുക്കുന്നതിനുമേല്‍ എന്തെല്ലാം നിബന്ധനകള്‍ വയ്ക്കാമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യുക എന്നിവയാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
നിവേദനത്തില്‍ രാഷ്ട്രപതി ഗൗരവത്തിലുള്ള സമീപനമാണു കൈക്കൊണ്ടതെന്നും ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രപതിയെ കണ്ടശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ധനകാര്യ കമ്മീഷനെക്കൊണ്ട് പരിഗണനാ വിഷയങ്ങളില്‍ തിരുത്തലുകള്‍ വരുത്താനുള്ള പൊതുജനാഭിപ്രായം രൂപപ്പെടുത്തിയെടുക്കുന്നതിനായി ആറു സംസ്ഥാനങ്ങളും ഒന്നിച്ചു ചേര്‍ന്നു മുന്‍കൈയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റു രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചചെയ്ത് അടുത്തമാസം ഡല്‍ഹിയില്‍ വിപുലമായി ദേശീയ സമ്മേളനം വിളിച്ചുചേര്‍ക്കും.
നിലവിലെ പരിഗണനാവിഷയങ്ങള്‍ അതേപടി നടപ്പായാല്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ അതു ഗുരുതരമായി ബാധിക്കും. ധനകാര്യ കമ്മീഷനും ഇതു സംബന്ധിച്ചു ചില വീണ്ടുവിചാരങ്ങള്‍ വന്നിട്ടുണ്ട്. ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് ഉപദേശം നല്‍കുന്നതിനായി അഡൈ്വസറി കമ്മിറ്റിയെ നിയോഗിച്ചതുതന്നെ ഇക്കാര്യങ്ങളിലെ അവ്യക്തതയാണു കാണിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിനു പുറമേ പുതുച്ചേരി, ആന്ധ്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ ധനമന്ത്രിമാരാണു സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it