malappuram local

പരാതി തീര്‍പ്പാക്കാതെയുള്ള സര്‍വേ അന്യായമെന്ന് ഇരകള്‍; ദേശീയപാതാ സ്ഥലമേറ്റെടുപ്പ്; പൊന്നാനിയില്‍ സര്‍വേ 12ന്

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി പൊന്നാനിയില്‍ 12ന് സര്‍വേ ആരംഭിക്കും. സര്‍വേ നടപടികള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. ജില്ലയില്‍ നേരത്തെ നടത്തിയ സര്‍വേ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സര്‍വേയ്ക്കായി വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാക്കാനും നേരത്തെ ഏറ്റെടുത്ത ഭൂമി സംബന്ധിച്ച വിവരം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ആര്‍ഡിഒ യുടെ അധ്യക്ഷതയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.  ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, ദേശീയപാത അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, ദേശീയപാത 66 ടോള്‍ റോഡായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കിടപ്പാടവും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ നല്‍കിയ പരാതികള്‍ തീര്‍പ്പാക്കാതെ വന്‍ പോലിസ് സാന്നിധ്യത്തില്‍ സ്ഥലമെടുപ്പ് സര്‍വേ നടത്തുന്നത് അന്യായമാണെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ തേഞ്ഞിപ്പലം മേഖലാ കണ്‍വന്‍ഷന്‍ ആരോപിച്ചു.
ഇരകള്‍ നല്‍കിയ 1,928 പരാതികളില്‍ ഹിയറിങ് നടത്തി പരാതികളില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനുണ്ട്. മറ്റ് ജില്ലകളിലൊക്കെ ഈ നടപടി ക്രമങ്ങള്‍ പാലിച്ചാണ് സര്‍വേ നടത്തുന്നത്. എന്നാല്‍, മലപ്പുറത്ത് പരാതികളില്‍ ഹിയറിങ് നടത്തി തീര്‍പ്പാക്കാതെ തന്നെ ബലമായി സ്ഥലമേറ്റെടുപ്പ് സര്‍വേ നടപടികള്‍ തുടരുന്നത് അന്യായമാണെന്നും ഇത്തരം നടപടികള്‍ നിയമപരമായി നേരിടുമെന്നും എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ദേശീയപാത സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി കെ പ്രദീപ് മേനോന്‍ അധ്യക്ഷ്യത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ടി പി തിലകന്‍, പി എം ഹസന്‍ ഹാജി, പി ടി  മുഹമ്മദ് മാസ്റ്റര്‍, ലബ്ബന്‍ കാക്കഞ്ചേരി, ടി വി ശ്രീധരന്‍, പി എം അമീറലി, അബു പടിക്കല്‍, മൊയ്തീന്‍ കുട്ടി പാണമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it