Flash News

പരസ്യങ്ങളില്‍ മോദിയുടെ ചിത്രം : വിവരം വെളിപ്പെടുത്താനാവില്ല-പ്രധാനമന്ത്രിയുടെ ഓഫിസ്‌



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടിയത് ആരാണെന്ന് വെളിപ്പെടുത്താനാവില്ലെന്ന് പ്രധാനമന്തിയുടെ ഓഫിസ്. പിടിഎ ലേഖകന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് ഓഫിസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ആരൊക്കെ അനുമതി തേടിയിട്ടുണ്ടെന്ന വിവരങ്ങള്‍ കണ്ടെത്തുന്നതിന് വിശദമായ പരിശോധന ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ഫയലുകളില്‍ വിശദമായ പരിശോധന നടത്തിയ ശേഷമേ കൃത്യമായ മറുപടി നല്‍കാനാവൂ എന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഓഫിസിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലോ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്നതോ ആയ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച കമ്പനികളോട് അതിന്റെ വിശദാംശങ്ങള്‍  ആവശ്യപ്പെട്ടിരുന്നതായും ഓഫിസ് പറയുന്നു.  റിലയന്‍സ് ജിയോ, പേടിഎം എന്നീ കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത് വിവാദം സൃഷ്ട്ടിച്ചിരുന്നു. റിലയന്‍സിന്റെ ജിയോ 4ജി സര്‍വീസിനായി പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി മുഴുപേജ് പരസ്യം നല്‍കിയിരുന്നു. നവംബര്‍ എട്ടിന് നോട്ട് നിരോധനത്തിന് ശേഷം പേടിഎമ്മിന്റെ ഡിജിറ്റല്‍ വാലെറ്റ് പരസ്യത്തിലും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിനെതിരേ ഉപഭോക്തൃകാര്യ വകുപ്പ് ഇരു കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതില്‍ ഇരു കമ്പനികളും പിന്നീട് ക്ഷമാപണം നടത്തി.
Next Story

RELATED STORIES

Share it