പരസ്പര സഹായത്തിന്റെ മാസം

ഇ  എന്‍  ഇബ്‌റാഹീം
ഖുര്‍ആന്‍ അവതീര്‍ണമായ മാസം. ആ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കണം. അതാണ് ഖുര്‍ആന്റെ ആഹ്വാനം. എന്തിനാണ് നോമ്പ്? മനുഷ്യന്‍ സൂക്ഷ്മ ജീവിതം നയിക്കാന്‍. എന്താണ് സൂക്ഷ്മ ജീവിതം?
ജീവിതത്തില്‍ രണ്ടു തലമുണ്ട്: ഒന്ന് വ്യക്തിയും അവന്റെ സ്രഷ്ടാവുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് വ്യക്തിയും സമൂഹവുമായി ബന്ധപ്പെട്ടതും. അല്ലെങ്കില്‍ വ്യക്തിയും അവന്‍ അടങ്ങുന്ന സൃഷ്ടിജാലങ്ങളുമായി ബന്ധപ്പെട്ടത്. അല്ലാഹുവാണ് സ്രഷ്ടാവ്. അല്ലാഹുവിന്റെ പ്രീതി നേടുകയാണ് മനുഷ്യജീവിതത്തില്‍ നേടാനുള്ള ലക്ഷ്യം. ഈ ലക്ഷ്യം നേടണമെങ്കില്‍ അവന്‍ തഖ്‌വയോടു കൂടിയ ജീവിതം നയിച്ചിരിക്കണമെന്നത് അല്ലാഹു തന്നെ നിര്‍ദേശിച്ചതാണ്.
തഖ്‌വ(സൂക്ഷ്മത)യോടെയുള്ള ജീവിതം നയിക്കുകയെന്നാല്‍ അല്ലാഹുവിന്റെ ആജ്ഞകള്‍ കലവറയില്ലാതെ പിന്തുടരുക എന്നതാണ്. അതില്‍ അല്ലാഹുവുമായി മാത്രമല്ല, സൃഷ്ടികളുമായി കൂടി ബന്ധപ്പെട്ട സംഗതികളുണ്ട്. അതു രണ്ടും ഒപ്പത്തിനൊപ്പം പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമാണ് മനുഷ്യന് അല്ലാഹുവിന്റെ പ്രീതി നേടാനാവുക. അപ്പോള്‍ മാത്രമേ അവന് അല്ലാഹുവിന്റെ സാമീപ്യം നേടാനാവൂ. ഇത്തരമൊരു ജീവിതം ശീലിപ്പിക്കാന്‍ പോന്ന ഒരു നല്ല പരിശീലനമാണ് നോമ്പ്.
നോമ്പുമായി ബന്ധപ്പെട്ട് ക്ഷമയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഏതു സാഹചര്യത്തിലും സ്വയം നിയന്ത്രിക്കാന്‍ കഴിവു നേടുകയാണ് ക്ഷമയിലൂടെ സാധിക്കേണ്ടത്. ബോധപൂര്‍വം ശീലിച്ചെടുക്കേണ്ട ഒന്നാണ് ക്ഷമ. സ്വന്തം വികാരങ്ങള്‍ അടക്കാനും മറ്റുള്ളവരുടെ പ്രകോപനത്തിനു മുമ്പില്‍ സംയമനം പാലിക്കാനും പ്രലോഭനങ്ങളില്‍ വീണുപോവാതെ സൂക്ഷിക്കാനുമൊക്കെ അവന്‍/ അവള്‍ ശീലിക്കേണ്ടതുണ്ട്. സ്വന്തം ഇച്ഛയ്ക്കു വഴങ്ങാതിരിക്കുക അതില്‍ പരമപ്രധാനമാണ്.
ആര്‍ത്തി പൂണ്ട മനുഷ്യന്‍ സ്വന്തം ബാധ്യത നിര്‍വഹിക്കാന്‍ പലപ്പോഴും മടിച്ചുനില്‍ക്കും. മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവച്ചുകൊടുക്കാന്‍ അമാന്തിക്കും. അനര്‍ഹമായവ നേടാനും അന്യന്റെ അവകാശം തട്ടിയെടുക്കാനും വെമ്പല്‍കൊള്ളും. മറ്റുള്ളവര്‍ക്കു മേല്‍ തന്‍പോരിമ കാണിക്കാന്‍ അവനു വലിയ ഉല്‍സാഹമാണ്. മറ്റുള്ളവന്റെ പ്രയാസങ്ങള്‍ കണ്ടില്ലെന്നു വയ്ക്കാനാണ് അവനു താല്‍പര്യം.
ഈ രംഗങ്ങളിലൊക്കെയും വേണ്ടത് വേണ്ടപ്പോള്‍ വേണ്ട അളവില്‍ ചെയ്യാന്‍ ശീലിക്കണമെങ്കില്‍ ക്ഷമയോടുകൂടി ജീവിതം നയിക്കുന്നവര്‍ക്കേ സാധ്യമാവൂ. അതുകൊണ്ടാണ് റമദാനെക്കുറിച്ച് ക്ഷമയുടെ മാസം, സഹകരണത്തിന്റെ മാസം എന്നിങ്ങനെ പ്രവാചക വചനത്തില്‍ ഉദ്ധരിച്ചുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ശരിയായ രീതിയില്‍ നോമ്പ് അനുഷ്ഠിക്കുന്നവര്‍ ഒരേ സ്രഷ്ടാവിനോടും സൃഷ്ടിയോടും അടുക്കുന്നു. അതിലൂടെ ജീവിതത്തില്‍ ധന്യത കൈവരിക്കുന്നു. നോമ്പ് ലക്ഷ്യമിടുന്നതും ഇത്തരമൊരു ജീവിതമാണ്.
Next Story

RELATED STORIES

Share it