Kollam Local

പരവൂര്‍ വെടിക്കെട്ടപകടം: മരണമടഞ്ഞവരുടെ വീടുകള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

കൊല്ലം:പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച ധനസഹായത്തിനും പുരധിവാസ പദ്ധതികള്‍ക്കും പുറമെ സര്‍ക്കാന്റെ ഭാഗത്തുനിന്ന് ഓരോ കുടുംബത്തിനും ചെയ്തുകൊടുക്കാന്‍ കഴിയുന്ന അധിക സേവനങ്ങള്‍ തിട്ടപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ ഷൈനമോളും മറ്റ് ഉദ്യോഗസ്ഥരും മരണമടഞ്ഞ ഒന്‍പതു പേരുടെ വീടുകള്‍ ഇന്നലെ സന്ദര്‍ശിച്ചു. കൊല്ലം എ ആര്‍ ക്യാംപിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ വെള്ളിമണ്‍ വെസ്റ്റ് ഇടക്കര സജിഭവനില്‍ സജി സെബാസ്റ്റ്യന്റെ വീട്ടിലാണ് കലക്ടര്‍ ആദ്യം എത്തിയത്. സജിയുടെ അമ്മ ജൂലിയ, ഭാര്യ ഷെറിന്‍, മക്കളായ മെറിന്‍, ലിജിയ എന്നിവരുമായി സംസാരിച്ചു. കഴിഞ്ഞ ഫെബ്രുവരി ഏഴിന് പാലുകാച്ചല്‍ നടന്ന വീട് നിര്‍മിച്ചതിനുള്ള ബാധ്യതകള്‍ ഉള്‍പ്പെടെ ശേഷിക്കുന്നുണ്ടെന്ന് ഷെറിന്‍ കലക്ടറോടു പറഞ്ഞു. വെള്ളിമണ്‍ ചെറുമൂട് അനന്തുഭവനില്‍ അനന്തു പ്രദീപ്, കോട്ടപ്പുറം കോങ്ങാല്‍ ചട്ടക്കുടി ബിനു കൃഷ്ണന്‍, നാരായകുളം വിജേഷ്, ആശാന്റഴികം എഎസ് അനിരാജ്, തയ്യിലഴികം വിഷ്ണു, കുറുമണ്ടല്‍ വടക്കുംഭാഗം വിഷ്ണുവിലാസം ബെന്‍സി, ഭാര്യ ബേബി ഗിരിജ, കുറുമണ്ടല്‍ പൂക്കുളം സുനാമി ഫഌറ്റില്‍ വിഷ്ണുഭവനില്‍ വിഷ്ണു എന്നിവരുടെ വീടുകളും കലക്ടര്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുടെ വിവിരങ്ങളും സാമ്പത്തിക സ്ഥിതി, വരുമാനം, ബാധ്യതകള്‍ തുടങ്ങിയ വിശദാംശങ്ങളും സംഘം ശേഖരിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍— ലഭിക്കാനുള്ളവര്‍ മുതല്‍ ജപ്തി ഭീഷണി നേരിടുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ടാകാം. ഒരോ കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാനായാല്‍ മാത്രമേ പുരനധിവാസം പൂര്‍ണ്ണമാകൂ-കലക്ടര്‍ പറഞ്ഞു.മരണമടഞ്ഞവരില്‍ പരമാവധി പേരുടെ വീടുകള്‍ കലക്ടര്‍ സന്ദര്‍ശിക്കും. ശേഷിക്കുന്ന വീടുകളില്‍നിന്ന് ഉദ്യോഗസ്ഥ സംഘം വിവരങ്ങള്‍ ശേഖരിക്കും. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാനവാസ്, ഹുസുര്‍ ശിരസ്തദാര്‍ ആര്‍ ചിത്ര, ജൂനിയര്‍ സൂപ്രണ്ടുമാരായ ബി ജയചന്ദ്രന്‍, പ്രദീപ് കുമാര്‍, വില്ലേജ് ഓഫിസര്‍മാരായ അരുണ്‍കുമാര്‍, ജ്യോതിഷ്‌കുമാര്‍, കെ ജയപ്രകാശ് എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it