kannur local

പരപ്പ ക്വാറി സമരം ഒത്തുതീര്‍ന്നു



തളിപ്പറമ്പ്: പരപ്പ ക്വാറി പ്രശ്‌നവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമരത്തിന് താല്‍ക്കാലിക ഒത്തുതീര്‍പ്പായി. ഇന്നലെ രാവിലെ മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ധാരണ പ്രകാരം ക്വാറിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ പരപ്പ, നെടുവോട് മേഖലകളിലേക്ക് വരാതെ ഉദയഗിരി പഞ്ചായത്ത് പരിധിയിലൂടെ സര്‍വീസ് നടത്തണം. ക്വാറിയില്‍ കെട്ടിക്കിടക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിന് ക്വാറി അധികൃതര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതു അനുസരിച്ച് ക്വാറി ഇന്നലെ തുറന്നപ്പോള്‍, ഇവിടെ നിന്നുള്ള വാഹനങ്ങള്‍ ജനകീയ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് കണ്ണൂരില്‍ സിപിഎം നേതൃത്വത്തില്‍ ക്വാറി അധികൃതരുമായും സമരസമിതിയുമായും ചര്‍ച്ച നടത്തിയത്. ക്വാറിയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ധാരണയായിരിക്കുന്നത്. ക്വാറിയില്‍ കല്ല് പൊട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി വിധിക്ക് അനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി. സിപിഎം നേതാക്കളായ പി വി ബാബുരാജ്, പി എം മോഹനന്‍, ജോസ് പുള്ളീറ്റ്, പരപ്പ ക്വാറി മാനേജ്‌മെന്റ് പ്രതിനിധികളായ അന്‍വര്‍, ഹാരിസ്, സമരസമിതി നേതാക്കളായ പഞ്ചായത്ത് അംഗം ഫ്രാന്‍സിസ്, സിറാജുദ്ദീന്‍, സാനി കച്ചിറയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it