Alappuzha local

പനി വ്യാപകം : ജില്ലയില്‍ ഇന്നലെ മാത്രം 449 പേര്‍ ചികില്‍സ തേടി



ആലപ്പുഴ: പനിബാധിതരുടെ എണ്ണത്തില്‍ ദിനം തോറും വര്‍ധന. ഇന്നലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനിബാധിതരായി നിരവധിപേരാണ് ചികില്‍സയ്ക്കായെത്തിയത്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം ആലപ്പുഴയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 449 പേര്‍  ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ചികില്‍സതേടി. 39 പേരെ കിടത്തിച്ചികില്‍സയ്ക്കായി വിവധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മാത്രം ഏഴുപേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. വള്ളികുന്നം ഭാഗത്തുതന്നെ ആറുപേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ പകര്‍ച്ചപ്പനിയും വ്യാപകമാണ്. ആര്യാട് ഒരാള്‍ക്കു ഡെങ്കിപ്പനിയും, ആലപ്പുഴയില്‍ രണ്ടുപേര്‍ക്കു എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ഒമ്പതുപേര്‍ ചികില്‍സതേടി. ചിക്കന്‍പോക്‌സ് ബാധിച്ച നാലുപേരും അതിസാരവുമായി 52പേരും ചികില്‍സതേടി. തുറവൂര്‍ മേഖലയിലും പനി വ്യാപകമാകുകയാണ്. തുറവൂര്‍ താലൂക്കാശുപത്രിയില്‍മാത്രം നൂറുകണക്കിനുപേരാണ് പനിബാധിതരായി ചികിത്സ തേടുന്നത്. കൂടാതെ വെട്ടക്കല്‍, പള്ളിത്തോട്, വല്ലേത്തോട്, അരൂര്‍ എന്നിവിടങ്ങളിലും പനി പടര്‍ന്നു പിടിക്കുകയാണ്. പാടശേഖരങ്ങളില്‍ നിന്നും മലിനജലം നദികളിലേക്ക് ഒഴുക്കാന്‍ തുടങ്ങിയതോടെ കുട്ടനാട്ടില്‍ പൊതു ജലാശയങ്ങളിലെ വെള്ളം ഉപയോഗയോഗ്യമല്ലാതാവുകയും  കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ ജനങ്ങള്‍ രോഗഭീതിയിലാവുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it