malappuram local

പനി ഭീതിയില്‍ ആതുരാലയ നഗരം; മാലിന്യം കുമിഞ്ഞുകൂടുന്നു

പെരിന്തല്‍മണ്ണ: പനി ഭീതിയിലും ആതുരാലയ നഗരത്തിലെ മാലിന്യനീക്കത്തില്‍ ജാഗ്രതക്കുറവെന്നാക്ഷേപം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 400 പേരാണ് ഇതുവരെ വൈറല്‍ പനി മൂലം ചികില്‍സ തേടിയത്. ഇവിടെ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല.
വലിയങ്ങാടി പാടത്തെ രൂക്ഷഗന്ധമുള്ള മാലിന്യം ദിവസങ്ങളായി നീക്കംചെയ്തില്ല. ബൈപാസില്‍ തറയില്‍ ബസ് സ്റ്റാന്റിനും മസ്ജിദുല്‍ മാജിദൈനും ഇടയിലുള്ള സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള വയലിലാണ് ആഴ്ചകളായി മലിന വെള്ളം കെട്ടിനില്‍ക്കുന്നത്. ഒരു മാസം മുമ്പ് പെയ്ത ആദ്യ മഴയിലാണ് മാലിന്യം ഒഴുകിയെത്തിയത്.
കഴിഞ്ഞ വര്‍ഷം വരെ ഇവിടേയ്‌ക്കൊഴുകിയെത്തിയിരുന്ന മഴവെള്ളവും മാലിന്യവും സമീപത്തെ നീര്‍ച്ചാല്‍ വഴി തോട്ടിലേയ്‌ക്കൊഴുകിപ്പോയിരുന്നു. എന്നാല്‍, ഇപ്പോള്‍ വൈദ്യുതി വകുപ്പിന്റെ കുറ്റന്‍ ടവര്‍ വന്നതോടെ ഒഴുക്കു നിലയ്ക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ മാലിന്യം ഒഴുക്കിക്കളയുന്ന ഡ്രൈനേജ് കാരണം പതിറ്റാണ്ടുകളായി വലിയങ്ങാടി കോളനി, പാര്‍വതിപ്പാടം, ഉതരിപ്പറമ്പ് പ്രദേശത്തുള്ളവരില്‍ പലരും മാരക രോഗങ്ങളുടെ അടിമകളാണ്. ഇതിനു പുറമേയാണിപ്പോള്‍ പുതിയ സംഭവം. ഓരോ ദിവസവും പെയ്യുന്ന മഴയില്‍ ഇവിടുത്തെ വെള്ളക്കെട്ട് ഉയര്‍ന്ന് കറുത്ത നിറമായി മാറിയിട്ടുണ്ട്. ഒരാഴ്ചയായി രൂക്ഷമായ നാറ്റവും അനുഭവപ്പെടുന്നുണ്ട്. കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശത്ത് മഴ സജീവമാവുന്നതോടെ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. സമീപത്തെ വീടുകളിലും പള്ളിയിലും അഴുക്കുവെള്ളം കയറുന്നതിനുമുമ്പ് അധികൃതര്‍ ജാഗ്രത കാണിച്ചാല്‍ വരാനിരിക്കുന്ന ദുരന്തം തടയാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഡെങ്കിപ്പനിയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒലിങ്കര സ്വദേശികളായ രണ്ടുപേരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്കയച്ചു. നഗരപരിധിയില്‍ പനി ബാധിച്ച 14 പേര്‍  നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it