പനി ബാധിച്ചവരെ ചികില്‍സിച്ച നഴ്‌സും മരിച്ചു

കെ വി ഷാജി സമത
കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവരെ ചികില്‍സിച്ച നഴ്‌സും പനി ബാധിച്ചു മരിച്ചു. ചെമ്പനോട സ്വദേശിയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമായ പുതുശ്ശേരി ലിനി(28)യാണ് മരിച്ചത്. കഴിഞ്ഞ നാലു ദിവസമായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവരുടേത് ഉള്‍പ്പെടെ പനി ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ സംസ്‌കരിച്ചു.
ലിനിക്കു പുറമെ ഞായറാഴ്ച രാത്രി മരിച്ച പേരാമ്പ്ര ചെറുവണ്ണൂര്‍ കണ്ടിത്താഴെ ചെറിയപറമ്പില്‍ വേണുവിന്റെ ഭാര്യ ജാനകിയുടെ മൃതദേഹമാണ് കോഴിക്കോട് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചത്. രോഗം പകരാന്‍ സാധ്യതയുള്ളതിനാലാണ് ബന്ധുക്കളുടെ അനുവാദത്തോടെ മൃതദേഹങ്ങള്‍ ഇവിടെ തന്നെ സംസ്‌കരിച്ചത്. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെ ലിസ്റ്റ് ചെയ്ത് നിരീക്ഷിച്ചുവരുകയാണ്. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികില്‍സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.
കഴിഞ്ഞ മൂന്നു ദിവസമായി സൂപ്പിക്കടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. പ്രദേശത്ത് വവ്വാലിന്റെ സാന്നിധ്യം കണ്ടിട്ടുണ്ട്. വവ്വാലുകളുള്ള കിണര്‍ വലകെട്ടി മറച്ച് ഇവ പുറത്തുപോവുന്നത് തടഞ്ഞിട്ടുണ്ട്.   പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് 20 ലക്ഷം രൂപ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ തുക ആവശ്യമെങ്കില്‍ അനുവദിക്കുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് എത്തുന്നവര്‍ക്കായി പ്രത്യേക വാര്‍ഡ് തയ്യാറാക്കി. വയോജനങ്ങള്‍ക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് വാര്‍ഡ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ആവശ്യമുള്ള ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it