Kottayam Local

പനിയും കൊതുകു ശല്യവും വ്യാപകംപ്രതിരോധ പ്രവര്‍ത്തനമില്ല; അധികൃതര്‍ മൗനം പാലിക്കുന്നതായി ആക്ഷേപം



ഈരാറ്റുപേട്ട: പനിയും കൊതുകു ശല്യവും വര്‍ധിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ആക്ഷേപം. ഈരാറ്റുപേട്ട മുനിസിപ്പാലാറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലെന്നു നാട്ടുകാര്‍ പറയുന്നു.കൊതുകു നശികരണ പ്രവര്‍ത്തനവും നടക്കുന്നില്ല.മാലിന്യം അടിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്ന ഓടകള്‍ കൂടിയാകുമ്പോള്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രത്തിനു സമാനമാവുകയാണ് നഗരം. ജലസാന്ദ്രത കൂടുതലുള്ള ചിലയിടങ്ങളില്‍ പകലും കൊതുകുശല്യം രൂക്ഷമാണ്.കൊതുകു കടിച്ചാല്‍ ഒരു മിനിറ്റോളം വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നെന്നും ചെറിയ ഇനത്തില്‍ വെള്ള പുള്ളികളോടുകൂടിയ ഈഡിസ് കൊതുകുകള്‍ വ്യാപകമാണെന്നും നാട്ടുകാര്‍ പറയുന്നു. പരാതി വ്യാപകമായിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലമാണ് കൊതുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന എന്ന വിശദീകരണം നല്‍കി ഒഴിയുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.ഇടയ്ക്കിടെയുള്ള മഴയും മഞ്ഞും മൂലം ഈര്‍പ്പം നിലനില്‍ക്കുന്നതാണു കൊതുകുശല്യത്തിനു കാരണമെന്നും ചൂടു കൂടുമ്പോള്‍ കൊതുകു മാറുമെന്നുമാണ് ഇവരുടെ വിശദീകരണം. എന്നാല്‍ കൊതുകുശല്യത്തെ നാട്ടുകാര്‍ ഭീതിയോടെയാണു കാണുന്നത്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം വീടുകള്‍ക്കൊപ്പം ആശുപത്രികളിലും കൊതുകിന്റെ ആക്രമണം വര്‍ധിപ്പിക്കുന്നുണ്ട്. ഫോഗിങ്, സ്‌പ്രേയിങ്, വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം തുടങ്ങിയവ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചില വാര്‍ഡുകളില്‍ നടന്നിട്ടുണ്ട്. സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും ഫണ്ടുകള്‍ മതിയായ രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it