Kottayam Local

പനിച്ചുവിറച്ച് ജില്ല : ഒരുമാസത്തിനിടെ പനി ബാധിച്ചത് 21,627 പേര്‍ക്ക് ; നാലു മരണം



കോട്ടയം: ജില്ലയില്‍ പനിബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പകര്‍ച്ചപ്പനിക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികൡ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മുന്നില്‍ രാവിലെ മുതല്‍ രോഗികളുടെ നീണ്ടനിരയാണ് കാണുന്നത്. പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലുണ്ടായ പാളിച്ചയാണ് പനി പടരാന്‍ കാരണമായതെന്നാണു വിലയിരുത്തല്‍. സാധാരണ മഴക്കാലം ആരംഭിക്കാന്‍ മുമ്പുതന്നെ ഓരോ വാര്‍ഡുകള്‍ തിരിച്ചു വീടുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന കൊതുകു നശീകരണത്തിനുള്ള ഫോഗിങ് ഇത്തവണ ഫലപ്രമായി നടത്താനായില്ല. ജില്ലയില്‍ പനി മരണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആയിരക്കണക്കിന് പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ട ശേഷമാണ് കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന വിമര്‍ശനവും ശക്തമാണ്. ജില്ലയില്‍ ഒരുമാസത്തെ പകര്‍ച്ചപ്പനി ബാധിതരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 21,627 പേര്‍ക്കാണ് ജില്ലയില്‍ ഇക്കാലയളവില്‍ പനി ബാധിച്ചത്. ഇതില്‍ നാലുപേര്‍ മരണത്തിന് കീഴടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇന്നലെ മാത്രം 1,202 പേര്‍ക്കാണ് പനി പിടിപെട്ടത്. ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് 3,322 ലെത്തും. ആറുമാസത്തിനിടെ 48,550 പേര്‍ക്ക് പനി ബാധിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. ഡെങ്കിപ്പനിയാണ് ജില്ലയില്‍ കൂടുതല്‍ ഭീതിപരത്തുന്നത്. ഇന്നലെ ആറുപേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കോട്ടയം മുനിസിപ്പാലിറ്റി, കിടങ്ങൂര്‍, വെള്ളൂര്‍, കാഞ്ഞിരപ്പള്ളി, തലയാഴം, തൃക്കൊടിത്താനം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. കടുത്തുരുത്തി, തലയോലപ്പറമ്പ്, ഉദയനാപുരം, മുത്തോലി, വാഴപ്പള്ളി എന്നിവിടങ്ങളിലായി അഞ്ചുപേര്‍ക്കാണ് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. എട്ടുപേര്‍ ഡെങ്കിപ്പനി സംശയത്തിന്റെ പേരില്‍ നിരീക്ഷണത്തിലാണ്. ഈ ആഴ്ച 14 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആറു മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈമാസമാണ് ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപോര്‍ട്ട് ചെയ്തതെന്ന് വ്യക്തമാവും. ഈമാസം ഇതുവരെ 90 ഡെങ്കി കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 60 പേരാണ് ഇന്നലെ വയറിളക്കം ബാധിച്ച് ചികില്‍സ തേടിയത്. ഈ ആഴ്ച 144 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. അതേസമയം, മഞ്ഞപ്പിത്തം, മലേറിയ പോലുള്ള രോഗങ്ങള്‍ കാര്യമായ ഭീതിപരത്തുന്നില്ല എന്നത് ആശ്വാസം നല്‍കുന്നു. കാലവര്‍ഷം ശക്തമായതോടെ കൊതുകുകള്‍ പെരുകിയതാണ് ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിനു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it