malappuram local

പദ്ധതിരേഖ കേന്ദ്ര സംഘത്തിന് സമര്‍പ്പിച്ചു

പൊന്നാനി: ഓഖി ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന് മല്‍സ്യത്തൊഴിലാളി പുനരധിവാസ പാക്കേജ് വിശദ പദ്ധതി രേഖ നഗരസഭ സമര്‍പ്പിച്ചു. നഗരസഭയ്ക്കു വേണ്ടി ഡിഎംആര്‍സി തയ്യാറാക്കിയ പദ്ധതി രേഖ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലാണ് കേന്ദ്ര സംഘത്തിന് സമര്‍പ്പിച്ചത്. നഗരസഭയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് മെട്രോമാന്‍ ഇ ശ്രീധരനാണ് ഡിഎംആര്‍സി വിദഗ്ധ സംഘത്തെ പൊന്നാനിയിലേക്ക് അയച്ച് പദ്ധതി രേഖ തയ്യാറാക്കിയത്. 6 കോടി 59 ലക്ഷം രൂപ ചെലവു വരുന്ന പുനരധിവാസ പാക്കേജാണ് ഡിഎംആര്‍സി തയ്യാറാക്കിയിരിക്കുന്നത്. പൊന്നാനിയിലുള്ള ഫിഷര്‍മെന്‍ കോളനി പുനരുദ്ധീകരിച്ച് വാസയോഗ്യമാക്കാനും അടിയന്തര റീഹാബിലിറ്റേഷന്‍ ഷെല്‍റ്റര്‍ നിര്‍മിക്കാനുമാണ് പദ്ധതി രേഖയില്‍ പറയുന്നത്. ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം നഗരസഭയെടുത്തത്. കടല്‍ ക്ഷോഭത്തില്‍പ്പെട്ടവരെ ശാശ്വതമായി പുനരധിവസിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിലാണ് നഗരസഭ പ്രത്യേക പാക്കേജിനായി മുന്നോട്ടു വരുന്നത്. നിരന്തരം കടല്‍ക്ഷോഭം നേരിടുന്ന പൊന്നാനി തീരദേശത്ത് പ്രത്യേക പുനരധിവാസ പാക്കേജിന് അംഗീകാരത്തിനായി  നഗരസഭാ കൗണ്‍സില്‍  പ്രമേയത്തിലൂടെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖയാണ് കേന്ദ്ര സംഘത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്ര സംഘം ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തു. പൊന്നാനി റൗബ റെസിഡന്‍സിയില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍ ജില്ലാ തല ഉദ്യോഗസ്ഥ സംഘം എന്നിവര്‍ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it