Flash News

'പത്മാവതി' തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി



ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് ചിത്രം 'പത്മാവതി' റിലീസ് ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കുന്നതിനു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ട്. കൂടാതെ സിനിമയെ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലറ്റ് ട്രൈബ്യൂണലും (എഫ്‌സിഎടി) ഉണ്ട്. ഈ സാഹചര്യത്തില്‍ ഹരജി പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 'പത്മാവതി' സിനിമയ്‌ക്കെതിരേ സിദ്ധരാജസിങ് മഹാവീര്‍സിങ് ചുദാസമയും  മറ്റ് 11 പേരും സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കവേയാണ് ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ ചരിത്രവിരുദ്ധമായ കാര്യങ്ങള്‍ സംവിധായകനും നിര്‍മാതാവും തിരുത്തുന്നതു വരെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. മഹാരാജ രത്തന്‍സിങും അദ്ദേഹത്തിന്റെ സേനയും ഡല്‍ഹിയിലെ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ 13ാം നൂറ്റാണ്ടില്‍ നടന്ന  യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു 'പത്മാവതി' സിനിമ. ചിത്രം  ചരിത്രവസ്തുതകള്‍ വളച്ചൊടിച്ച്  ക്ഷത്രിയ സമുദായത്തിന്റെ വികാരം വൃണപ്പെടുത്തി എന്നാണ് ആരോപണം. അതിനിടെ 'പത്മാവതി' നിരോധിക്കണമെന്നു മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ മംഗള്‍ പ്രഭാത് ലോധയും  മറ്റൊരു ബിജെപി എംഎല്‍എ രാജ്പുരോഹിതും  ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it