പത്താന്‍കോട്ട് ആക്രമണം: എസ്പിയുടെ ഓഫിസിലും വീട്ടിലും റെയ്ഡ്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിങിന്റെ വസതിയിലും ഓഫിസിലും എന്‍ഐഎ സംഘം പരിശോധന നടത്തി. സല്‍വീന്ദര്‍ സിങിന്റെ ഗുര്‍ദാസ്പുരിലെയും അമൃതസറിലെയും വീടുകളിലും അദ്ദേഹത്തിന്റെ പാചകക്കാരന്‍ മദന്‍ ഗോപാലിന്റെയും സുഹൃത്ത് രാജേഷ് വര്‍മയുടെയും വീടുകളിലുമാണ് ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. അമൃതസര്‍ പോലിസ് കമ്മിഷണര്‍ ജിതേന്ദ്രസിങ് ഔലക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആക്രമണവുമായി ബന്ധപ്പെട്ട് സല്‍വീന്ദര്‍ നല്‍കിയ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളും ദുരൂഹതകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ എന്‍ഐഎ ചോദ്യംചെയ്തു വരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സല്‍വീന്ദറിനെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തന്റെ കാര്‍ തട്ടിയെടുത്താണ് അക്രമികള്‍ എത്തിയതെന്നാണ് സല്‍വീന്ദര്‍ പറയുന്നത്. രാജേഷ് വര്‍മ, മദന്‍ ഗോപാല്‍ എന്നിവര്‍ക്കൊപ്പം സല്‍വീന്ദറിനെ അക്രമികള്‍ പത്താന്‍കോട്ടിലെ അതിര്‍ത്തിയില്‍നിന്നു തട്ടിക്കൊണ്ടുപോയെന്നാണ് അദ്ദേഹം നല്‍കിയ മൊഴി.
എന്നാല്‍, അതിര്‍ത്തിയിലേക്ക് സല്‍വീന്ദര്‍ എന്തിനു പോയി; നാലു മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കു സല്‍വീന്ദര്‍ തൃപ്തികരമായ മറുപടിയല്ല നല്‍കിയിട്ടുള്ളത്. സല്‍വീന്ദറിന്റെ മൂന്നുഫോണുകളില്‍ രണ്ടെണ്ണം അക്രമികളുടെ കൈയിലായിരുന്നു. രക്ഷപ്പെട്ട ശേഷം മൂന്നാമത്തെ ഫോണില്‍നിന്നാണ് എസ്പി തട്ടിക്കൊണ്ടുപോയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. സല്‍വീന്ദറിന് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുസംഘവുമായും ബന്ധമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
പതിവായി പോവുന്ന ആരാധനാലയത്തിലേക്കു പ്രാര്‍ഥിക്കാന്‍ പോയതിനാലാണ് സുരക്ഷാ ഗാര്‍ഡിനെ കൂട്ടാതിരുന്നതും തോക്ക് എടുക്കാതിരുന്നതെന്നുമാണ് എസ്പിയുടെ വാദം. എന്നാല്‍, സംഭവം നടന്ന സ്ഥലത്തെ ആരാധനാലയത്തിലേക്ക് സല്‍വീന്ദര്‍ പതിവായി വരാറില്ലെന്ന് ആരാധനാലയത്തിലെ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. 13 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്തേക്ക് എത്താന്‍ രണ്ടുമണിക്കൂര്‍ സമയം എടുത്തതിനും തൃപ്തികരമായ മറുപടി സല്‍വീന്ദര്‍ നല്‍കിയിട്ടില്ല. എന്നാല്‍, രണ്ടുദിവസം നീണ്ടുനിന്ന നുണപ്പരിശോധനയുടെ വിശദാംശങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല.
സല്‍വീന്ദറിനെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ഇന്നു വിധേയമാക്കിയേക്കുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിന് പെരുമാറ്റ വിശകലന വിദഗ്ദനും (ബിഹേവിയര്‍ അനലിസ്റ്റ്) മനശ്ശാസ്ത്ര വിദഗ്ധനും ഉള്‍പ്പെടെയുള്ള സംഘമാവും സ്വഭാവപരിശോധന നടത്തുക. പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിനു നേരെ ജനുവരി രണ്ടിനാണ് ആക്രമണമുണ്ടായത്.
Next Story

RELATED STORIES

Share it