Pathanamthitta local

പത്തനംതിട്ട നഗരസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ചേരിപ്പോര്



പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള ചരടുവലി ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ്സിനുള്ളില്‍ ശക്തമായി. ശ്രീവല്‍സം ഗ്രൂപ്പിന്റെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തെ തുടര്‍ന്ന് ഉപേക്ഷിച്ച നീക്കമാണ് ഇപ്പോള്‍ സജീവമാവുന്നത്.  ഇതിനിടയില്‍ നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും രണ്ടു തട്ടിലുമായി. ഇതോടെ അഭിപ്രായവ്യത്യാസം പൊതുവേദികളിലും നിഴലിച്ചു. നഗരസഭ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പരിപാടികള്‍ ബഹിഷ്‌കരിച്ചു കൊണ്ട് വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് പ്രതിഷേധിച്ചതോടെയാണ് ഭരണത്തിലെ അസ്വാരസ്യം മറ നീക്കിയത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ കോണ്‍ഗ്രസ്സിലെ രജനി പ്രദീപാണ് ചെയര്‍പേഴ്‌സണ്‍. കേരളാ കോണ്‍ഗ്രസി(എം)ന്റെ പ്രതിനിധിയാണ് വൈസ് ചെയര്‍മാന്‍. മാണിഗ്രൂപ്പ് യുഡിഎഫില്‍ നിന്ന് പുറത്തുപോയെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ തുടരാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പി കെ ജേക്കബ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നു പോന്നത്. അധികാരമേറ്റ ശേഷം ഒറ്റക്കെട്ടായിട്ടാണ് ഭരണസമിതി മുന്നോട്ട് പോയിരുന്നത്. അടുത്തിടെ നഗരസഭയില്‍ നിന്ന് ഫയല്‍ കാണാതായത് സംബന്ധിച്ച സംഭവത്തിന് ശേഷമാണ് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനുമിടയില്‍ ഭിന്നത ഉടലെടുത്തത്. പിന്നീട് സ്‌റ്റേഡിയം പവലിയന്‍, കമ്മ്യൂണിറ്റി കൗണ്‍സിലിങ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അത് രൂക്ഷമായി. ഇതിന് പിന്നില്‍ മുന്‍ നഗരസഭാ ചെയര്‍മാന്റെ ഇടപെടലാണെന്നാണ് ആരോപണം.  ഡിസിസി വൈസ് പ്രസിഡന്റുകൂടിയായ മുന്‍ ചെയര്‍മാന്‍ തന്റെ ഭാര്യയെ നഗരസഭാ അധ്യക്ഷ പദവിയിലെത്തിക്കാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് തര്‍ക്കങ്ങളെന്ന് കോണ്‍ഗ്രസ്സിലെ കൗണ്‍സിലര്‍മാര്‍ തന്നെ പറയുന്നു. യുഡിഎഫിലെ ധാരണയനുസരിച്ച് നിലവിലുള്ള ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്. രണ്ടരവര്‍ഷമാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് രജനി പ്രദീപിനുള്ള കാലാവധി. ശേഷിച്ച രണ്ടര വര്‍ഷം അധ്യക്ഷ പദവി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിനുള്ളിലെ മൂന്നുപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സിന്ധു അനില്‍, അഡ്വ. ഗീതാ സുരേഷ്, റെജീന ഷെരീഫ് എന്നിവരാണ് രംഗത്തുള്ളത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് കേരളാ കോണ്‍ഗ്രസ്—(എം) മൂന്നും മുസ്്‌ലിം ലീഗിന് രണ്ടും വര്‍ഷം വീതമെന്നാണ് ധാരണ. പി കെ ജേക്കബ് ഒഴിയുന്നതോടെ ലീഗിലെ സഗീറിനാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം.
Next Story

RELATED STORIES

Share it