പതിനൊന്നംഗ സംഘം മുനമ്പത്തെത്തി

വൈപ്പിന്‍/പറവൂര്‍: 14 ദിവസം മുമ്പ് തൂത്തുകുടി തേങ്കപ്പട്ടണം ഹാര്‍ബറില്‍ നിന്നു കടലില്‍ മല്‍സ്യബന്ധനത്തിനു പോയി ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടു കാണാതായ പതിനൊന്നംഗ സംഘം മുനമ്പത്തെത്തി. അവശനിലയിലായിരുന്ന ഇവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ സ്വദേശികളായ സൂസൈ അരുള്‍ (55), മക്കളായ സൗജിന്‍ (22), ശ്യാംജിന്‍ (26), തൂത്തുക്കുടി സ്വദേശി എല്‍ഡിന്‍ (22), ലോക്‌സി (37), ചാര്‍ളി (50), നിമല്‍ (25), ജഗന്‍ (48), അസം സ്വദേശികളായ കിരണ്‍ (26), ജൂബിന്‍ (23), പലഹ് (24) എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇന്നലെ ഉച്ചകഴിഞ്ഞു മുനമ്പം ഫിഷിങ് ഹാര്‍ബറിലെത്തിയ ഇവര്‍ക്ക് കോസ്റ്റല്‍ പോലിസിന്റെ സഹായത്തോടെ മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തി ല്‍ പ്രഥമശുശ്രൂഷ നല്‍കി. അവശരായ മൂന്നുപേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എട്ടുപേരെ മുനമ്പം ആശുപത്രിയിലും പറവൂര്‍ താലൂക്ക് ആശുപത്രിയിലും പരിശോധിച്ചു. തുടര്‍ന്ന്, മുന്‍കരുതലെന്ന നിലയില്‍ ഇവരെയും പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തൂത്തുകുടി തേങ്കപ്പട്ടണം ഹാര്‍ബറില്‍ നിന്ന് 21നാണ് ബോട്ട് പുറപ്പെട്ടത്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ് വെള്ളിയാഴ്ച ചുഴലിക്കാറ്റില്‍പെട്ടത്. നാലുദിവസം മുമ്പ് രാത്രിയാണ് ഇവര്‍ ചുഴലിക്കാറ്റില്‍പെട്ടത്. കാറ്റില്‍ ബോട്ട് മറിഞ്ഞു. എല്ലാവരും ബോട്ടില്‍ പിടിച്ചുകിടന്നു. മറ്റൊരു തിരയില്‍ ബോട്ട് നിവരുകയായിരുന്നുവെന്നു ബോട്ടിലുണ്ടായിരുന്ന സൂസൈ അരുള്‍ പറഞ്ഞു. 13 വയസ്സ് മുതല്‍ ബോട്ടില്‍ പോവാന്‍ തുടങ്ങിയ തനിക്ക് ഇത് ആദ്യ അനുഭവമാണ്. സ്റ്റോറിലായിരുന്നതിനാല്‍ കിട്ടിയ മല്‍സ്യവും നഷ്ടപ്പെട്ടില്ല. പക്ഷേ, ആഹാരത്തിനുള്ളതെല്ലാം നഷ്ടപ്പെട്ടു. നാലു ദിവസം പട്ടിണിയിലായിരുന്നു. കടല്‍ ശാന്തമായതോടെ ബോട്ട് തിരിച്ച് മുനമ്പത്തെത്തുകയായിരുന്നു. എല്ലാവരുടെയും ജീവന്‍ തിരിച്ചുകിട്ടിയതില്‍ ദൈവത്തിനു നന്ദി പറയുകയാണ് സൂസൈ അരുള്‍. ആശുപത്രിയിലെത്തിയവര്‍ക്ക് ആഹാരവും അടിയന്തര ചികില്‍സയും നല്‍കി. ആര്‍ക്കും ഗുരുതര പരിക്കില്ല. ആരോഗ്യമന്ത്രി കെ കെ ഷൈലജ, എംഎല്‍എമാരായ വി ഡി സതീശന്‍, എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, രമേഷ് ഡി കുറുപ്പ് ആശുപത്രിയില്‍ രക്ഷപ്പെട്ടവരെ സന്ദര്‍ശിച്ചു. മുനമ്പം ഹാര്‍ബറില്‍ എത്തിച്ച തൊഴിലാളികള്‍ക്കുള്ള അടിയന്തര സേവനങ്ങളില്‍ മുനമ്പം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ കെ കെ അസീസ്, സുരേന്ദ്രന്‍,  കണ്ണദാസ്, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it