Flash News

പണി പൂര്‍ത്തിയാക്കിയില്ല : കരാറുകാരനെതിരേ മന്ത്രി പരാതി നല്‍കി



തിരുവനന്തപുരം: സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാത്ത കരാറുകാരനെതിരേ മന്ത്രി പോലിസില്‍ പരാതി നല്‍കി. മംഗലാപുരം-കരമന റോഡിന്റെ പണിയേറ്റെടുത്ത കരാറുകാരനായ നസ്‌റുദ്ദീനെതിരേയാണ് (റിവൈവ് കണ്‍സ്ട്രക്ഷന്‍ കമ്പനി, കിളിമാനൂര്‍) മന്ത്രി ജി സുധാകരന്‍ കഴക്കൂട്ടം അസി. കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. കരാറുകാരനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം. 22 കിമീ റോഡ് പുനര്‍നിര്‍മിക്കാന്‍ അനുവദിച്ച ആറുമാസ സമയം കഴിഞ്ഞതായി പരാതിയില്‍ പറയുന്നു. വലിയ തിരക്കുള്ള കഴക്കൂട്ടം ഭാഗത്ത് രണ്ടു കിലോമീറ്റര്‍ കുണ്ടും കുഴിയുമായി കിടക്കുകയാണ്. നിരവധി തവണ ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള മേല്‍നോട്ടക്കാരും മന്ത്രികാര്യാലയവും ഇയാളെ ബോധ്യപ്പെടുത്തിയിട്ടും ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. അടൂര്‍-കഴക്കൂട്ടം മോഡല്‍ കോറിഡോറിന്റെ പണി സബ് കോണ്‍ട്രാക്ട് എടുത്തതായും പറയുന്നു. എല്ലാ കരാര്‍ ചട്ടങ്ങളും പിഡബ്ല്യൂഡി ചട്ടങ്ങളും പാലിക്കാതെയാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നു മന്ത്രി പറഞ്ഞു. വെറും 29 ദിവസമാണ് ഇതുവരെ പണി ചെയ്തത്. 170 ദിവസത്തോളം ജോലിചെയ്തില്ല. ദേശീയപാതയില്‍ നസ്‌റുദ്ദീന്‍ കാണിച്ച ഗുരുതരമായ കൃത്യവിലോപം സിവിലായും ക്രിമിനലായും കേസെടുക്കാനുള്ള വീഴ്ചകളാണ്. ഇയാളുടെ കരാറുകള്‍ റദ്ദാക്കി നിയമപരമായി മറ്റു രീതികള്‍ അവലംബിക്കാനും സര്‍ക്കാര്‍ തയ്യാറാവുമെന്നു മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it