wayanad local

പണമില്ല; ജില്ലാ ആശുപത്രിയിലെ പോഷകാഹാര വിതരണം നിലച്ചു

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ കിടപ്പുരോഗികള്‍ക്ക് നല്‍കിവരുന്ന പാലും ബ്രഡും വിതരണം മുടങ്ങി. പോഷകാഹാരങ്ങള്‍ വിതരണം ചെയ്ത വകയില്‍ 70 ലക്ഷം രൂപ കുടിശ്ശിക ആയതിനെ തുടര്‍ന്നാണിത്. വിതരണം കഴിഞ്ഞ ഒന്നരമാസമായി മുടങ്ങിക്കിടക്കുകയാണ്. പോഷകാഹാരങ്ങള്‍ വിതരണം ചെയ്ത വകയില്‍ 70 ലക്ഷം രൂപ മില്‍മയ്ക്കും മോഡേണ്‍ ബ്രഡ് വിതരണക്കാര്‍ക്കും കൊടുത്തു തീര്‍ക്കാനുണ്ട്. ആശുപത്രി അധികൃതര്‍ പണം ലഭിക്കാന്‍ ഡിസംബര്‍ അവസാനം സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഡയറ്റ് ഫണ്ടിലേക്കായി അനുവദിച്ച തുക 90 ലക്ഷമാണ്. ഇതില്‍ 25 ലക്ഷം രൂപയും വയനാട് ജില്ലാ ആശുപത്രിയിലാണ് ചെലവഴിച്ചത്. ഈ ഫണ്ടില്‍ മൂന്നുലക്ഷം മാത്രമാണ് അവശേഷിക്കുന്നതെന്നും ജില്ലാ ആശുപത്രിയിലെ കുടിശ്ശിക നികത്താനുള്ള ഫണ്ട് അധികമായി അനുവദിച്ചു നല്‍കാന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡിഎച്ച്എസ് വ്യക്തമാക്കി. എന്നാല്‍, ആദിവാസികളടക്കമുള്ള നിരവധി രോഗികളാണ് പോഷകാഹാരം മുടങ്ങിയതു മൂലം ദുരിതത്തിലായത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു. ഇന്നലെ ഉച്ചയോടെ ലേ സെക്രട്ടറിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. പാല്‍, ബ്രഡ് വിതരണം ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു. ഉപരോധസമരത്തിന് നേതാക്കളായ എം ജി ബിജു, ഡെന്നിസണ്‍ കണിയാരം, സണ്ണി ചാലില്‍, പി എം ബെന്നി, മുജീബ് കോടിയോടന്‍, എ എം നിഷാന്ത്, വിനോദ് തോട്ടത്തില്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it