kozhikode local

പണത്തിന്റെ പേരില്‍ ചികില്‍സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി

കോഴിക്കോട്: പണം അടച്ചില്ലെങ്കില്‍ ചികില്‍സ നല്‍കില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചതായ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചങ്ങരോത്ത് മരിച്ച സാലിഹിന്റെയും സാബിദിന്റെയും പിതാവ് മൂസക്ക് ചികില്‍സ നിഷേധിച്ചിട്ടില്ല. മുന്‍കൂറായി പണം വാങ്ങിയാണ് പൊതുവെ സ്വകാര്യ ആസ്പത്രിക്കാര്‍ ചികില്‍സിക്കുന്നത്. ഇവിടെ മാനുഷിക പരിഗണന വെച്ച് അതില്‍ അയവ് വരുത്തുകയാണ് ചെയ്തത്. നേരത്തെ മരിച്ചവരുടെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയോളം കുടുംബാംഗങ്ങള്‍ അടച്ചിരുന്നു. എന്നാല്‍ മൂസയുടെ ചികിത്സയുടെ ഒന്നേകാല്‍ ലക്ഷം അടച്ചില്ലെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല.
രോഗിയെ വിദഗ്ദ പരിശോധന നടത്തി സാംപിള്‍ മണിപ്പാള്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കാനും അപൂര്‍വ്വ വൈറസ് ബാധ കണ്ടെത്താനും കഴിഞ്ഞത് നേട്ടമാണ്. പിറ്റേന്നു തന്നെ ഇക്കാര്യം അറിഞ്ഞെങ്കിലും നിപാ വൈറസ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു. ഞായറാഴ്ചയാണ് ഇത് ലഭിച്ചത്. രണ്ടാമത്തെ മരണം സംഭവിച്ച ഉടനെ തന്നെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ചികിത്സയിലുളള മൂസ്സ വെന്റിലേറ്ററില്‍ ഗുരുതര നിലയില്‍ തുടരുകയാണെന്നും ബേബി മെമ്മോറിയല്‍ ആസ്പത്രി ക്രിറ്റിക്കല്‍ മാനേജ്മന്റ് ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരായ അനുപ്കുമാര്‍, ഫാബിത്ത് മൊയ്തീന്‍, ജയകൃഷ്ണന്‍, അജിത്ത് കുമാര്‍, ജയകൃഷ്ണന്‍  പറഞ്ഞു.
Next Story

RELATED STORIES

Share it