palakkad local

പഠിച്ച സ്‌കൂളിനെ മറക്കാത്ത മെട്രോമാന്റെ നന്മ ചാത്തന്നൂര്‍ സ്‌കൂളിന് അനുഗ്രഹം



സികെ ശശി പച്ചാട്ടിരി

കൂറ്റനാട്: താന്‍ പഠിച്ച സ്‌കൂളിനെ മറക്കാത്ത മെട്രോമാന്റെ നന്മ ചാത്തന്നൂര്‍ സ്‌കൂളിന് അനുഗ്രഹം. താന്‍ ആദ്യാക്ഷരം കുറിച്ച പാലക്കാട് ജില്ലയിലെ കൂറ്റനാട് ചാത്തന്നൂര്‍ എല്‍പി സ്‌കൂളിനാണ് സര്‍ക്കാരില്‍ നിന്ന് കെട്ടിടം വാങ്ങി നല്‍കി മെട്രോമാന്‍ ഇ ശ്രീധരന്‍ തന്റെ കടമ നിര്‍വഹിച്ചത്്്. കൊച്ചിയില്‍ മെട്രോയുടെ അവസാനഘട്ട പണി നടക്കുമ്പോള്‍ തന്നെ ചാത്തന്നൂരും ഡിഎംആര്‍സിയുട നേതൃത്വത്തില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചിരുന്നു. എല്‍പി സ്‌കൂളിനാണ്  രണ്ടു ക്ലാസ് മുറികളുള്ള കെട്ടിട നിര്‍മാണം ഡിഎംആര്‍സി പൂര്‍ത്തിയാക്കിയത്. മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ ക്ലാസ് മുറികളുടെ നിര്‍മാണം നടന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ പഠനം നടത്തുന്നതിന് ക്ലാസ് മുറികള്‍ തികയാതെ വന്നതോടെയാണ് പുതിയ ക്ലാസ് മുറികള്‍ക്കുവേണ്ടിയുള്ള ആവശ്യമുയരുന്നത്. പൂര്‍വവിദ്യാലയത്തില്‍  സന്ദര്‍ശനം നടത്തുന്നതിനിടെ ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ ഇ ശ്രീധരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന്  അദ്ദേഹം ഡിപിഐയുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിക്കുന്നതിന് ധാരണയായത്. നിര്‍മാണച്ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് മാത്രമായിരുന്നു ഇ ശ്രീധരന്‍ മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍, ഡിഎംആര്‍സി വഴി പ്രവൃത്തികള്‍ ചെയ്യാനുള്ള അനുമതി സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന്, രണ്ടുമാസം മുമ്പ് ധനമന്ത്രി തോമസ് ഐസക്കുമായി ഇ ശ്രീധരന്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും സാങ്കേതിക തടസ്സം മറികടന്ന് നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് തന്നെ നല്‍കുകയുമായിരുന്നു.മെട്രോ ജോലികളുടെ തിരക്കുകള്‍ക്കിടയിലും ക്ലാസ് മുറികളുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ ഇ ശ്രീധരന്‍ നേരിട്ടെത്തിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായ വിവരം ഇ ശ്രീധരന്‍ നേരിട്ടെത്തി അറിയിച്ച കാര്യം ധനമന്ത്രിയും ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി എല്ലാ തിരക്കുകള്‍ക്കിടയിലും ഇ ശ്രീധരന്‍ ആത്മവിദ്യാലയത്തിലെത്താറുണ്ട്. രണ്ട് ലക്ഷം രൂപയുടെ എന്‍ഡോവ്‌മെന്റും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപരണങ്ങളും വാങ്ങാന്‍ അദ്ദേഹം നല്‍കിവരുന്നുണ്ട്. കെട്ടിടം നിര്‍മിച്ചതു പോലെ തന്നെ അതിന്‍െ ഉദ്ഘാടനം ഹെഡ്മിസ്ട്രസിന് ചാവി നല്‍കി ലളിതമാക്കിയിരുന്നു.
Next Story

RELATED STORIES

Share it