palakkad local

പഠനം നിഷേധിക്കുന്ന സംഭവം : മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നാലുദിവസം ഒപി



പാലക്കാട്: ഗവ.മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ആശുപത്രിയും ഗവ.മെഡിക്കല്‍ കോളജും സംയുക്തമായി ആഴ്ച്ചയില്‍ നാല് ദിവസം നാല് യൂനിറ്റുകളായി വിഭജിച്ച് രാവിലെ എട്ടു മുതല്‍ വൈകീട്ട് മൂന്നുവരെ  ഒപി സൗകര്യമേര്‍പ്പെടുത്താന്‍ മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പട്ടികജാതി വികസന വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ ക്ലിനിക്കല്‍ വിഭാഗമായ ജില്ലാ ആശുപത്രിയില്‍ പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടര്‍ന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍. എംബിബിഎസ് ബാച്ചുകളുടെ പഠനത്തിന് ആഴ്ച്ചയില്‍ ഒരു ദിവസവും ഒന്നിടവിട്ട ശനിയാഴ്ച്ചകളിലുമായി നടന്നിരുന്ന ഒപി സൗകര്യം കൂടുതല്‍ ദിവസം ഏര്‍പ്പെടുത്തണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. വിവിധ മെഡിക്കല്‍ വിഭാഗങ്ങളായി വിഭജിച്ച് നടത്തുന്ന ഒപി മേല്‍നോട്ട ചുമതല ജില്ലാ ആശുപത്രി സൂപ്രണ്ടിനായിരിക്കും. ഇഎന്‍ടി വിഭാഗത്തില്‍ പഠനസൗകര്യത്തിനായി ജീവനക്കാരെയും ഉപകരണങ്ങളും ആരോഗ്യവകുപ്പ് സജ്ജമാക്കും. ജീവനക്കാര്‍ തികയാതെ വരുന്ന പക്ഷം  ദേശീയ ആരോഗ്യദൗത്യവുമായി ബന്ധപ്പെട്ട് നിയമനം നടത്തും. ജില്ലാ ആശുപത്രിയിലെ അനസ്തീസ്യ വിഭാഗത്തില്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ അനസ്തിസ്സ്റ്റിനെ ഗവ.മെഡിക്കല്‍ കോളജ് ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളജില്‍ നിലവില്‍ അഞ്ചും ജില്ലാ ആശുപത്രിയില്‍  മൂന്നും അനസ്തറ്റിസ്റ്റുകളാണ് ഉള്ളത്. പലപ്പോഴും ജില്ലാ ആശുപത്രിയില്‍ അനസ്തറ്റിസ്റ്റുകളുടെ കുറവ് അനുഭവപ്പെടുകയും രോഗികളെ മറ്റ് ആശുപത്രികളിലേക്കയക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍  തീരുമാനമുണ്ടായത്. ഗവ. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് സാങ്കേതികവും നിയമപരവുമായ വിവിധ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ച് വരികയാണെന്നും കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പഠനം തുടരുന്ന കുട്ടികളുടെ പ്രവേശനം പരിരക്ഷിക്കുകയെന്ന കടമ കൂടി സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ഗവ.മെഡിക്കല്‍ കോളജ്  സൂപ്പര്‍ സ്—പെഷാലിറ്റി സൗകര്യത്തോടെ മികച്ചതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മെഡിക്കല്‍ കോളജിന്റെ സുഗമമായ നടത്തിപ്പിന് ജില്ലാ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളജ് അധികൃതരുടേയും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, ഗവ.മെഡിക്കല്‍ കോളജ് സ്—പെഷല്‍ ഓഫ്ിസറും എസ്‌സി എസ്ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.വേണു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവി, ഡിഎംഒ ഡോ.കെ പി റീത്ത, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം കെ രവീന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it