പട്ടികജാതി-വര്‍ഗ സംവരണ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

കൊച്ചി: ന്യൂനപക്ഷേതര എയ്ഡഡ് കോളജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംവരണം ഏര്‍പ്പെടുത്താന്‍ ആറുമാസത്തിനുള്ളില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും തുടര്‍ന്നുള്ള നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്നുമാണ് 2015 മേയ് 25ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇതിനെതിരേ നായര്‍ സര്‍വീസ് സൊസൈറ്റി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നത് അവയുടെ സ്വയംഭരണത്തിനു മേലുള്ള കടന്നുകയറ്റമാണ്. എയ്ഡഡ് കോളജുകളിലെ സര്‍വീസ് ഭരണഘടന അനുശാസിക്കുന്ന സര്‍ക്കാര്‍ സര്‍വീസിന്റെ പരിധിയില്‍ വരില്ല. കേന്ദ്രസര്‍ക്കാരിന്റെ സംവരണ നയം യുജിസി ചട്ടപ്രകാരമുള്ള ന്യൂനപക്ഷേതര എയ്ഡഡ് കോളജുകള്‍ക്ക് ബാധകമാണോ എന്നാണ് പരിശോധിക്കേണ്ടത്. 2005 ഡിസംബര്‍ 6ലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന കല്‍പിത സര്‍വകലാശാലകള്‍ക്കും കേന്ദ്ര സര്‍വകലാശാലകള്‍ക്കും മാത്രമാണ് ഇതു ബാധകമെന്ന് പറയുന്നു. സംസ്ഥാന നിയമപ്രകാരമുള്ള സര്‍വകലാശാലകള്‍ക്ക് ഇതു ബാധകമല്ലെന്ന് വ്യക്തമാണ്. യുജിസി ആക്ട് പ്രകാരമുള്ള എയ്ഡഡ് കോളജുകളില്‍ സംവരണ നയം നടപ്പാക്കാനാവില്ല. ശമ്പളം നല്‍കുന്നത് സര്‍ക്കാരാണെങ്കിലും മറ്റു കാര്യങ്ങളുടെ നിയന്ത്രണം മാനേജ്‌മെന്റിനാണെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it