Idukki local

പട്ടയവിവരങ്ങള്‍ നഷ്ടപ്പെട്ട നിരവധി പേര്‍ നെട്ടോട്ടത്തില്‍



നെടുങ്കണ്ടം: കേസ് അന്വേഷിക്കാന്‍ എസ്‌ഐ കൊണ്ടുപോയ രജിസ്റ്റര്‍ നഷ്ടപ്പെട്ടത് നൂറുകണക്കിനുപേര്‍ക്കു വിനയായി. പട്ടയവിവരങ്ങള്‍ നഷ്ടപ്പെട്ട നൂറുകണക്കിനുപേരാണ് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുന്നത്. കാല്‍നൂറ്റാണ്ടു മുമ്പ് ശാന്തന്‍പാറ എസ്‌ഐ കൊണ്ടുപോയ ആധാരം രജിസ്റ്ററാണ് കാണാതായത്. അതേസമയം, സംഭവം സംബന്ധിച്ച് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. രജിസ്റ്റര്‍ നഷ്ടപ്പെട്ടതിനു പിന്നില്‍ ദുരൂഹതയുള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുമുണ്ട്. പട്ടയ വിവരങ്ങളടങ്ങിയ റജിസ്റ്റര്‍ നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രജിസ്റ്റര്‍ കണ്ടെത്തുന്നതിനു റജിസ്‌ട്രേഷന്‍ വിഭാഗം യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശാന്തന്‍പാറ എസ്‌ഐ കേസ് അന്വേഷണത്തിനായി മുണ്ടിയെരുമ റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് ആധാര റജിസ്റ്റര്‍ കൊണ്ടുപോയെന്നാണ് റജിസ്ട്രാര്‍ ഓഫിസില്‍ നിന്നു ലഭിക്കുന്ന വിവരം. എന്നാല്‍ പിന്നീട് ആധാര റജിസ്റ്റര്‍ എവിടെപ്പോയെന്ന് അറിയില്ല. കേസ് അന്വേഷണത്തിനായി കൊണ്ടുപോയ റജിസ്റ്റര്‍ തിരികെ എത്തിക്കാത്തത് ദുരൂഹതയുണര്‍ത്തുന്നു. നൂറിലധികം പേരുടെ പട്ടയ വിവരങ്ങളടങ്ങിയ ആധാര റജിസ്റ്റര്‍ നഷ്ടപ്പെട്ടിട്ടും സംഭവം മറച്ചുവച്ചതിനെതിരെ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പകര്‍പ്പാധാരത്തിന് അപേക്ഷ നല്‍കിയതിനു ശേഷം ലഭിക്കാതെ വന്നതോടെ തൂക്കുപാലം പഴയതുടിപ്പാറ അംബിക മാത്യു(50)വാണ് ആധാര രജിസ്റ്ററിനായി അന്വേഷണം ആരംഭിച്ചത്. അംബികയുടെ ഭര്‍ത്താവ് അധ്യാപകനായ മാത്യു 1983ലാണ് തൂക്കുപാലത്ത് ഒരേക്കറോളം സ്ഥലം വാങ്ങി താമസമാരംഭിച്ചത്. രണ്ട് ആധാരങ്ങളിലായാണ് സ്ഥലം കച്ചവടം നടന്നത്. ഇതില്‍ ഒരു ആധാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പകര്‍പ്പാധാരത്തിനായി മാത്യു അപേക്ഷ നല്‍കി കാത്തിരിപ്പു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. 18 വര്‍ഷം മുന്‍പ് മാത്യു മരിച്ചതോടെ ആധാരത്തിനായി അംബിക മുട്ടാത്ത വാതിലുകളില്ല. പിന്നീട് പഞ്ചായത്തംഗം സുകുമാരന്‍നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആധാരവിവരമടങ്ങിയ റജിസ്റ്റര്‍ 1984ല്‍ ശാന്തന്‍പാറ എസ്‌ഐ ഏതോ കേസ് അന്വേഷണത്തിലായി ഉടുമ്പന്‍ചോല റജിസ്ട്രാര്‍ ഓഫിസില്‍ നിന്നു കൊണ്ടുപോയതായി അറിയുന്നത്. അംബിക വിവരാവകാശ പ്രകാരം അപേക്ഷ വച്ചതോടെ റജിസ്ട്രാര്‍ ഓഫിസില്‍ നിന്നു റജിസ്റ്റര്‍ എസ്‌ഐ കൊണ്ടുപോയതായി സ്ഥിരീകരിച്ചു. എന്നാല്‍ ഇപ്പോള്‍ ആധാര രജിസ്റ്റര്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഒട്ടേറെ കര്‍ഷകരുടെ പട്ടയവിവരങ്ങളടങ്ങിയ റജിസ്റ്റര്‍ എസ്‌ഐ കൊണ്ടുപോയി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തിരികെയെത്തിക്കാന്‍ സബ് റജിസ്ട്രാര്‍ ഓഫിസിനും കഴിഞ്ഞിട്ടില്ല. റവന്യു വിഭാഗത്തില്‍ നിന്ന് അനുകൂലമായ സമീപനം ഉണ്ടാകാത്തതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അംബിക. 20 വര്‍ഷത്തിനുള്ളില്‍ മേഖലയില്‍ നടന്നിട്ടുള്ള വ്യാപക കൈയേറ്റം തെളിയാതിരിക്കാന്‍ രജിസ്റ്റര്‍ മനപ്പൂര്‍വം മുക്കിയതാണോ എന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it