Idukki local

പട്ടയമില്ല; കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ സമരത്തിന്



തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിലെ 6000ഓളം കര്‍ഷകര്‍ പട്ടയത്തിനായി പ്രക്ഷോഭം ആരംഭിക്കുമെന്ന് കര്‍ഷക ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. വനം- റവന്യൂ സംയുക്ത പരിശോധന പട്ടികയില്‍ പേരില്ല എന്ന ന്യായം പറഞ്ഞ് കര്‍ഷകരെ റവന്യൂ അധികൃതര്‍ മടക്കി അയക്കുകയാണ്.1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം കിട്ടേണ്ട പ്രദേശമായിട്ടും റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ബ്ലാത്തിക്കവല മുതല്‍ കഞ്ഞിക്കുഴി ടൗണ്‍ വരെയുള്ള പ്രദേശത്തു താമസിക്കുന്ന ആറായിരത്തോളം കര്‍ഷക കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. വനം വകുപ്പ് തങ്ങളുടെ അധീനതയിലുള്ള ഭൂമിക്ക് 1993ല്‍ ജണ്ടയിട്ട് തിരിച്ചിട്ടുണ്ട്. വനവല്‍ക്കരണത്തിന് അനുയോജ്യമല്ല എന്ന് നോട്ടിഫൈ ചെയ്തശേഷമാണ് ജണ്ടയിട്ടു തിരിച്ചത്. അതിനുശേഷം റവന്യൂ- വനം സംയുക്ത പരിശോധനയും നടത്തി. ഇതില്‍ പേരുവന്ന 600ഓളം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടുണ്ട്. 1945ലെ അധിക ഭക്ഷ്യോല്‍പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ കുടിയിരുത്തിയ മക്കുവള്ളി, മനയത്തടം, കൈതപ്പാറ ഉള്‍പ്പെടെ 1960 മുതല്‍ കുടിയേറ്റം നടന്ന പ്രദേശമാണ് വാഴത്തോപ്പ് പഞ്ചായത്തിന്റെ നാലാം വാര്‍ഡ് ആയിരുന്ന ഇപ്പോഴത്തെ കഞ്ഞിക്കുഴി. കഞ്ഞിക്കുഴിക്കുശേഷം കുടിയേറ്റം നടന്ന പല പ്രദേശങ്ങളിലും പട്ടയം നല്‍കാന്‍ നടപടി ആയപ്പോഴും ഇവിടെ നടപടികള്‍ക്ക് ഒരു പുരോഗതിയും ഉണ്ടായില്ല. കരിമ്പന്‍, കീരിത്തോട്, പുന്നയാര്‍, പഴയരിക്കണ്ടം, മൈലപ്പുഴ, വരിക്കമുത്തന്‍, വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലെ വനം വകുപ്പ് ജണ്ടയിട്ട സ്ഥലത്തിനു പുറത്തുള്ള മേഖലകളില്‍ പട്ടയം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഐക്യ കര്‍ഷക സംഘം രൂപീകരിച്ച് പ്രക്ഷോഭം നടത്താനാണ് ഇവരുടെ തീരുമാനം. കഞ്ഞിക്കുഴിയിലെ ഭൂപ്രശ്‌നം സംബന്ധിച്ച് ആവശ്യമായ രേഖകള്‍ സഹിതം സര്‍ക്കാരിന് നിവേദനം നല്‍കും. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം ബഹുജന പ്രക്ഷോഭം നടത്താനാണ് തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ ആഗസ്തി അഴകത്ത്, ടോമി ജോസഫ്, സജീവന്‍ തേനാനിക്കക്കുടിയില്‍, ഫാ. ലൂക്ക തച്ചാപറമ്പത്ത്, സിബി മാത്യു പേന്താനം, ജോണി കാണക്കാലി പങ്കെടുത്തു.
Next Story

RELATED STORIES

Share it