malappuram local

പഞ്ചായത്ത് സെക്രട്ടറിക്കും അസി. സെക്രട്ടറിക്കും സസ്‌പെന്‍ഷന്‍

കൊണ്ടോട്ടി: നഗരസഭയിലേക്കുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെയും അസി.സെക്രട്ടറിയെയും സസ്‌പെന്റ് ചെയ്തു. സെക്രട്ടറി ആരിഫ്, അസി.സെക്രട്ടറി എന്‍ അനൂപ് എന്നിവരെയാണ് ജില്ലാ കലക്ടര്‍  ഭാസ്‌കരന്റെ നിര്‍ദ്ദേശത്തില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വി ഹരിദാസ് സസ്‌പെന്റ് ചെയ്തത്. ക്രമക്കേടിന് കൂട്ടുനിന്നെന്ന് ആരോപണം ഉയര്‍ന്ന പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവര്‍ റിയാസിനെതിരെ അന്വേഷണം നടത്താന്‍ സിഐക്ക് നിര്‍ദ്ദേശം നല്‍കി.ഇന്നലെ പുറത്തിറങ്ങിയ അന്തിമ വോട്ടര്‍ പട്ടികയിലാണ് വ്യാപക ക്രമക്കേട് കണ്ടത്. നിരവധി വോട്ടര്‍മാരെ സ്വന്തം വാര്‍ഡില്‍ നിന്നും മറ്റുവാര്‍ഡുകളിലേക്ക് മാറ്റുകയോ പട്ടികയില്‍ നിന്നും ഒഴിവാക്കുകയോ ചെയ്തതായി കണ്ടെത്തി. വോട്ടര്‍ പട്ടിക വാങ്ങാനെത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി  പ്രവര്‍ത്തകരാണ് ക്രമക്കേട് കണ്ടത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസില്‍ ബഹളം വയ്ക്കുകയും സെക്രട്ടറിയെ തടയുകയും ചെയ്തു.

പ്രശ്‌നം അന്വേഷിക്കാനെത്തിയ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറേയും ഉദ്യോഗസ്ഥരേയും മണിക്കൂറുകളോളം ഘരാവോ ചെയ്തു. അന്തിമ വോട്ടര്‍ പട്ടികയില്‍  മുഴുവന്‍ വാര്‍ഡുകളിലായി 2000ലേറെ ആളുകളെ മാറ്റുകയോ പട്ടികയില്‍ നിന്നും ഒഴിവാക്കുകയോ ചെയ്തതായി സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മുസ്്‌ലിംലീഗിന് വിജയിക്കാനായി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച്  വോട്ടര്‍മാരെ തിരഞ്ഞ് പിടിച്ച് ഒഴിവാക്കിയതാണെന്ന്് ആരോപണം. 10ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിഎം ഫര്‍ഹാനാ ബീഗത്തെ വാര്‍ഡില്‍ നിന്നും മാറ്റി  ഒമ്പതാം വാര്‍ഡില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡില്‍ 101 പേരെയാണ് ഒഴിവാക്കിയത്.വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും ജനങ്ങളില്‍ നിന്നുമായി നൂറിലേറെ പരാതികളാണ് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ലഭിച്ചത്.ഉച്ചയോടെ പഞ്ചായത്ത് ഓഫിസിലെത്തിയ ഡി.ഡി.പി. വി. ഹരിദാസ്, സൂപ്രണ്ട് കെ പ്രഭാകരന്‍, ഇലക്ഷന്‍ ക്ലര്‍ക്ക് എംസി ഹരീഷ്, ടികെ രൂപേഷ്, എന്നിവരെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്. വൈകീട്ടോടെ ഡെപ്യൂട്ടി കളക്ടര്‍ കലക്ടര്‍ സി ഭാസ്്കരന്‍ സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേട് കണ്ടെത്തി. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
Next Story

RELATED STORIES

Share it