thrissur local

പഞ്ചായത്ത് ഗ്രൗണ്ട് വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി

തൃപ്രയാര്‍: തൃപ്രയാറില്‍ സബ് ആര്‍ടിഎ ഓഫീസ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ഗ്രൗണ്ട് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി സിപിഎം. അതേസമയം പഞ്ചായത്ത് ഗ്രൗണ്ട് അതേപടി നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ച് ഒരുകൂട്ടം കായികതാരങ്ങളുടെ നിരാഹാരസമരവും അരങ്ങേറി.
നാട്ടിക പഞ്ചായത്ത് ഓഫീസ് പരിസരത്താണ് സിപിഎം പ്രവര്‍ത്തകരും ഒരുകൂട്ടം കായികതാരങ്ങളും വ്യത്യസ്ത സമരങ്ങള്‍ സംഘടിപ്പിച്ചത്. നേരത്തെ നാട്ടിക ഗ്രാമപഞ്ചായത്ത് ഭരണസമിതി തൃപ്രയാര്‍ സബ്ബ് ആര്‍ടിഎ ഓഫീസിനായി പഞ്ചായത്ത് ഗ്രൗണ്ട് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം കോണ്‍ഗ്രസ് അംഗങ്ങള്‍ ഇടപെട്ട് തിരുത്തിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തെതുടര്‍ന്ന് ഗ്രൗണ്ട് വിട്ടുനല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് നയിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമരത്തിനിറങ്ങാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഗ്രൗണ്ട് വിഷയം ഉള്‍പ്പെടുത്തി ഭരണസമിതി യോഗം ചേരുന്നത് കണക്കിലെടുത്ത് സിപിഎം നാട്ടിക ലോക്കല്‍ കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയായിരുന്നു.
അതേസമയം ഗ്രൗണ്ട് വിട്ടുകൊടുക്കരുതെന്ന ആവശ്യമുന്നയിച്ച് കായികതാരങ്ങള്‍ നിരാഹാരസമരവും തുടങ്ങി. എന്നാല്‍ പോലിസ് ഇടപെട്ട് നിരാഹാര സമരവേദി പഞ്ചായത്ത് ഓഫീസിന് കിഴക്കുഭാഗത്തേക്ക് മാറ്റി.
സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്‍പില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ പാര്‍ട്ടി ഏരിയാ സെക്രട്ടറി പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തീരുമാനം ചിലര്‍ക്കുവേണ്ടി അട്ടിമറിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കെ വി പീതാംബരന്‍, ടി കെ ദേവദാസ്, കെ ബി ഹംസ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it