Pathanamthitta local

പഞ്ചായത്തിന്റെ അനാസ്ഥ; ഏനാത്ത് ടൗണ്‍ മാലിന്യക്കൂമ്പാരമാവുന്നു

ഏനാത്ത്: ഏഴംകുളം പഞ്ചയാത്തിന്റെ അനാസ്ഥ കാരണം ഏനാത്ത് ടൗണും പരിസര പ്രദേശവും പകര്‍ച്ചവ്യാധിയുടെ ഭീഷണിയില്‍. ഏനാത്ത് ടൗണില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കണമെന്ന ഏനാത്ത് നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റാത്തതാണ് ഇതിന്റെ പ്രധാന കാരണം. നിലവില്‍ ഏനാത്തെ മാലിന്യ സംസ്‌കരിക്കാന്‍ ഒരിടം ഇല്ലാത്ത അവസ്ഥയാണ്. ഇതുമൂലം വ്യാപരികളും നാട്ടുകാരും വര്‍ഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ലക്ഷങ്ങള്‍ മുടക്കി ഏനാത്ത് ചന്തയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചിരുന്നെങ്കിലും യഥാസമയം അറ്റക്കുറ്റപ്പണി നടത്താത്തതിനാല്‍ ദ്രവിച്ച് ഉപയോഗശുന്യമായ അവസ്ഥയിലാണ്. ചന്തയ്ക്കുള്ളിലെ ഖരമാലിന്യ സംസ്‌കരണ പ്ലൂന്റ് പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായിട്ടും പഞ്ചായത്ത് അധികൃതര്‍ കണ്ടമട്ടില്ല. ചന്തയ്ക്കുള്ളിലെ മാലിന്യം സംസ്‌കരിച്ച് അതില്‍നിന്ന് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഖരമാലിന്യ പ്ലാന്റ് സ്ഥാപിച്ചത്. അടൂരിനും കൊട്ടാരക്കരയ്ക്കും ഇടയിലെ പ്രധാന ടൗണാണ് ഏനാത്ത്. മാത്രവുമല്ല, സമീപ പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിവാസികള്‍ ആശ്രയിക്കുന്ന ചന്ത സ്ഥിതി ചെയ്യുന്നതും ഏനാത്ത് ടൗണിലാണ്. കൂടാതെ നിരവധി ഹോട്ടലുകളും ഹോള്‍സെയില്‍ പച്ചക്കറിക്കടകള്‍ ഉള്‍പ്പെടെ നിരവധി കച്ചവടസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രം കൂടിയാണ് ഏനാത്ത് ടൗണ്‍. നൂറുകണക്കിന് ജനങ്ങളാണ് ദിനംപ്രതി ഏനാത്ത് വന്നുപോവുന്നത്.
എന്നാല്‍ ഏനാത്തിന്റെ ഹൃദയഭാഗമായ പോലിസ് സ്‌റ്റേഷന്‍ പരിസരത്തും ചന്തയുടെ സമീപപ്രദേശങ്ങളിലും കല്ലടയാറിന് തീരവും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനുള്ള പാരിഹാരം മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാലിന്യ പ്ലാന്റ് സ്ഥാപിക്കാതെ ടൗണില്‍ മാലിന്യം കുന്നുകൂടുന്നതിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെ മേല്‍ കെട്ടിവെച്ച് തലയൂരാനാണ് പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി. ടൗണ്‍ വൃത്തിയാക്കുന്ന പഞ്ചായത്തിലെ രണ്ട് ജീവനക്കാര്‍ ടൗണിലെ മാലിന്യം മുഴുവനും തള്ളുന്നത് ചന്തയ്ക്ക് സമീപമാണ്. ഇതും വ്യാപാരികളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ പിടിപെടുമെന്ന ഭയം വ്യാപാരികള്‍ക്കും പ്രദേശവാസികള്‍ക്കുമുണ്ട്. ചന്തയില്‍ കുന്നുകൂടുന്ന മാലിന്യം സമീപത്തെ വെള്ളക്കെട്ടിലേക്ക് തള്ളുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്നവും ഉടലെടുത്തിട്ടുണ്ട്. വെള്ളക്കെട്ടിലെ മാലിന്യം മൂലം കടുത്ത ദുര്‍ഗന്ധം വമിക്കുകയും കൊതുകുകള്‍ പെരുകിയിരിക്കുകയുമാണ്. ചിക്കന്‍ഗുനിയ രോഗം ഏനാത്ത് പ്രദേശങ്ങളില്‍ വ്യാപകമായി ജനങ്ങളില്‍ പിടിപെട്ടിരുന്നു. ഏഴംകുളം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മുലമാണ് പ്ലാന്റ് നിര്‍മാണം വൈകുന്നതെന്നാണ് ഏനാത്ത് നിവാസികളുടെ പരാതി.
ഏനാത്ത് കേന്ദ്രീകരിച്ച് ഒരു പഞ്ചായത്ത് രൂപീകരിക്കാനുള്ള ശ്രമം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നിരുന്നു. എന്നാല്‍ അതിനെ സിപിഎമ്മിലെ ഒരു വിഭാഗവും കോണ്‍ഗ്രസ്സിലെ കടമ്പനാട് പഞ്ചായത്തിലെ പ്രാദേശിക നേതൃത്വവും എതിര്‍പ്പ് പ്രകടപ്പിക്കുകയും വിവാദമാവുകയും ചെയ്തതോടെ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it