പഞ്ചാബ് ഘടകം പ്രത്യേകപാര്‍ട്ടി രൂപികരിക്കണമെന്ന് ആവശ്യം

ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി (എഎപി)യില്‍ പ്രതിസന്ധി രൂക്ഷമായി. പാര്‍ട്ടി പിളര്‍ത്തി പഞ്ചാബ് ഘടകം മറ്റൊരു പാര്‍ട്ടിയായി മാറണമെന്നാണ് ഭൂരിപക്ഷം എംഎല്‍എമാരുടെയും അഭിപ്രായം. എന്നാല്‍, പ്രത്യേക പാര്‍ട്ടി രൂപീകരിക്കുന്നതിനു പകരം പഞ്ചാബ് ഘടകം സ്വയംഭരണാധികാരം ആവശ്യപ്പെടണമെന്നാണ് ഒരുവിഭാഗം മുന്നോട്ടുവച്ച നിര്‍ദേശം. സമവായമെത്താത്തതിനാല്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാനായിട്ടില്ല. അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിങ് മജീദിയക്ക് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.
ഇപ്രകാരം ആരോപണം ഉന്നയിക്കാന്‍ ഇടയായതില്‍ മജീദിയയോട് കെജ്‌രിവാള്‍ മാപ്പ് ചോദിച്ചിരുന്നു. ഇതാണ് എഎപി പഞ്ചാബ് ഘടകത്തെ പ്രതിസന്ധിയിലെത്തിച്ചത്. കെജ്‌രിവാളിന്റെ മാപ്പപേക്ഷ എഎപി പഞ്ചാബ് ഘടകത്തില്‍ രോഷമുയര്‍ത്തി
ഡല്‍ഹിയിലെ എഎപിയുമായി യാതൊരു ബന്ധവും പാടില്ല എന്നാണ് പഞ്ചാബ് ഘടകത്തിലെ ഭൂരിപക്ഷം എംഎല്‍എമാരുടെയും നിലപാട്.
അതായത്, പഞ്ചാബ് ഘടകം എഎപിയില്‍ നിന്നു പിളര്‍ന്ന് മറ്റൊരു പാര്‍ട്ടിയാവണം. പഞ്ചാബ് ഘടകം സ്വയംഭരണാവകാശം തേടണമെന്നു മുതിര്‍ന്ന എഎപി നേതാവ് എച്ച് എസ് ഫുല്‍ക പറഞ്ഞു. പഞ്ചാബ് ഘടകം സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രാദേശിക പാര്‍ട്ടിയായി പ്രവര്‍ത്തിക്കണം. ഡല്‍ഹി ഘടകവുമായി സഖ്യവുമാവാം- പ്രതിപക്ഷ നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു.
എഎപി സംസ്ഥാന ഘടകം രണ്ടു തവണ യോഗം ചേര്‍ന്നിട്ടും പിളര്‍പ്പ് വേണമോ എന്ന കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താനായില്ല. കെജ്‌രിവാളിന്റെ മാപ്പപേക്ഷയെക്കുറിച്ച് പാര്‍ട്ടിയുടെ ഡല്‍ഹി നേതൃത്വത്തോട് ആരായണമെന്നാണ് ഒരുവിഭാഗം വാദിച്ചത്. തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റിവച്ചുവെന്ന് മുതിര്‍ന്ന എഎപി നേതാവും എംഎല്‍എയുമായ കുന്‍വര്‍ സന്ധു പറഞ്ഞു.
കെജ്‌രിവാളിന്റെ മാപ്പില്‍ രോഷാകുലരായ സഖ്യകക്ഷി ലോക് ഇന്‍സാഫ് പാര്‍ട്ടി, എഎപി മുന്നണിയില്‍ നിന്നു പിന്മാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it