Idukki local

പച്ചക്കറി സംഭരണം; മന്ത്രിയുടെ നിര്‍ദേശം പാലിക്കാതെ ഹോര്‍ട്ടികോര്‍പ്പ്

തൊടുപുഴ: കൃഷി മന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ച് മൂന്നാറിലും വട്ടവടയിലും പച്ചക്കറി സംഭരിക്കുന്നതിന് നടപടിയെടുക്കാതെ ഹോര്‍ട്ടി കോര്‍പ്പ് .വിളകളെല്ലാം ചീഞ്ഞുപോയതിനാല്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കടബാധ്യതയില്‍ മുങ്ങിയിരിക്കുകയാണ് വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍.
കഴിഞ്ഞ മാസമാണ് പൊതു പരിപാടുകളുമായി ബന്ധപ്പെട്ട്  കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍  വട്ടവടയിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്. വിളവെടുപ്പിന് പാകമായ വിളകള്‍ ശേഖരിക്കുവാന്‍ ഒപ്പമുണ്ടായിരുന്ന ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ചകളായിട്ടും ഹോര്‍ട്ടികോര്‍പ്പിന്റെ ഭാഗത്തു നിന്നു യാതൊരു വിധ നടപടികളും ഉണ്ടായില്ല. പച്ചക്കറി സംഭരിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനാല്‍ വിളവെടുക്കാനും കഴിഞ്ഞില്ല. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വിളവെടുപ്പിന് പാകമായ കാബേജുകള്‍ വെള്ളം കയറി അഴുകി നശിച്ചു. ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് കടംവാങ്ങിയും ഇറക്കിയ കൃഷി വെള്ളത്തിലായതോടെ  ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വട്ടവടയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടായത്. മന്ത്രി സന്ദര്‍ശിച്ച പച്ചക്കറിപ്പാടത്തിലെ വിളകള്‍ തന്നെയാണ് വെള്ളം കയറി നശിച്ചത്.ഒരാഴ്ചയ്ക്കു മുമ്പെങ്കിലും ഈ വിളകള്‍ ഹോര്‍ട്ടികോര്‍പ്പ് ശേഖരിച്ചിരുന്നുവെങ്കില്‍  ഭീമമായ നഷ്ടം ഒഴിവാകുമായിരുന്നു.
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുവാനും കൃഷി ലാഭകരമാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടയിലാണ് ഉദ്യോഗസ്ഥരുടെ അലംഭാവം. വിളവെടുപ്പിന് പാകമായ വിളകളെല്ലാം തന്നെ ഹോര്‍ട്ടികോര്‍പ്പാണ് ശേഖരിച്ചിരുന്നത്.
Next Story

RELATED STORIES

Share it