Alappuzha local

ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടു; ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ്

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് രാമങ്കരി സ്വദേശിയായ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള എംസിഎം സ്‌കോളര്‍ഷിപ്പ് നല്‍കാനും പുതിയ വര്‍ഷത്തേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനും നടപടി. അപേക്ഷ നല്‍കിയിട്ട് സ്‌കോളര്‍ഷിപ്പ് നല്‍കിയിലെന്നുകാട്ടിയാണ് വിദ്യാര്‍ഥിനി കലക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങിലെത്തിയത്.
വള്ളികുന്നം സ്വദേശിനിയും അയല്‍ക്കാരും ഏറെക്കാലമായി നേരിട്ടിരുന്ന പ്രശ്‌നത്തിന് ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടിലൂടെ പരിഹാരമായി. അപസ്മാര രോഗിയായ മകനോടൊപ്പം താമസിക്കുന്ന വിധവയുടെ പുരയിടത്തില്‍ നിന്നു പഞ്ചായത്തിന്റെ ഭൂരഹിത പദ്ധതി പ്രകാരം മൂന്നു സെന്റ് വീതം നാലു പേര്‍ക്ക് കൊടുത്തിട്ടുണ്ട്. ഇവരെല്ലാം ഉപയോഗിക്കുന്ന വഴിയാണ് അയല്‍വാസി നിരന്തരം തടസ്സപ്പെടുത്തിയിരുന്നത്.
പോലിസിലും ആര്‍ഡിഒയ്ക്കും വില്ലേജ് ഓഫിസര്‍ക്കും പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.  ഒടുവില്‍ വഴി ഉഴുതുമറിച്ച് വസ്തുവിലേക്ക് കടക്കാന്‍ പറ്റാതെ വന്ന സാഹചര്യത്തിലാണ്  ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന്റെ നിര്‍ദേശ പ്രകാരം ചെങ്ങന്നൂര്‍ ആര്‍ഡിഒ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
കമ്മീഷനംഗം അഡ്വ. ബിന്ദു എം തോമസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 30 കേസുകളുടെ വിചാരണ നടത്തി.
രണ്ടെണ്ണം പരിഹരിച്ചു. അശ്ലീല വാട്‌സാപ്പ് സന്ദേശമയച്ച യുവാവിനെതിരേ വീട്ടമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ പോലിസിനെ ചുമതലപ്പെടുത്തി. ചേര്‍ത്തലയിലെ ഗ്രാമീണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടെന്നാരോപിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ബാങ്ക് അധികൃതരോട് വിശദീകരണം തേടി. പുതിയ പരാതികളും സിറ്റിങില്‍ സ്വീകരിച്ചു.
Next Story

RELATED STORIES

Share it