ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ സാംസ്‌കാരിക സംഘടനയുമായി ആര്‍എസ്എസ്‌

കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: മുസ്‌ലിം-ക്രിസ്ത്യ ന്‍ ന്യൂനപക്ഷങ്ങളിലേക്ക് വേരുകളാഴ്ത്താന്‍ സാംസ്‌കാരിക സംഘടനയുമായി ആര്‍എസ്എസ്. കഴിഞ്ഞദിവസം എറണാകുളത്ത് ചേര്‍ന്ന വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ അഡ്വ. ബി ഗോപാലകൃഷ്ണന്‍ കണ്‍വീനറായി അഞ്ചംഗ സമിതിയെയും നിയോഗിച്ചു. ന്യൂനപക്ഷ സമുദായങ്ങളില്‍ സ്വാധീനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വേദി. ഈ വിഭാഗങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് ആലോചന. നേരത്തെ ബിജെപിയും സംഘപരിവാരവും സ്വന്തമായി മനുഷ്യാവകാശ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ജില്ലാതലത്തില്‍ സംഘപരിവാരത്തോട് വലിയ എതിര്‍പ്പില്ലാത്ത ക്രിസ്ത്യന്‍, മുസ്‌ലിം വ്യക്തികളുടെ യോഗംവിളിക്കും. പിന്നീട് വ്യാപാരി-വ്യവസായപ്രമുഖരുടെ സംഗമങ്ങളും നടത്തും. ഈ വിഭാഗങ്ങളില്‍ സ്വാധീനമുള്ള മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധമില്ലാത്ത പ്രമുഖരുടെ സഹായവും തേടും. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടതു, വലതു മുന്നണികള്‍ക്കെതിരേ സെമിനാറുകളും പ്രതിഷേധപരിപാടികളും സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ആര്‍എസ്എസ് വേദി എന്നു പരസ്യപ്പെടുത്താതെ സാംസ്‌കാരിക സംഘടന എന്ന നിലയിലായിരിക്കും പ്രവര്‍ത്തനം. സാഹിത്യ, മാധ്യമ രംഗങ്ങളില്‍ നിന്നും സംഘടനയില്‍ അംഗങ്ങളുണ്ടാവും.
ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലാതലങ്ങളില്‍ രൂപീകരിക്കുന്ന കൂട്ടായ്മകള്‍ സംസ്ഥാനതലത്തില്‍ സാംസ്‌കാരിക സംഘടനയായി മാറ്റിയെടുക്കാനാണ് തീരുമാനം. സംഘപരിവാരവുമായി ബന്ധപ്പെട്ട 12 ഓളം സംഘടനകളിലെ ഭാരവാഹികളാണു യോഗത്തില്‍ പങ്കെടുത്തത്. ന്യൂനപക്ഷ മോര്‍ച്ചയുടെ സഹായത്തോടെയാണ് സാംസ്‌കാരിക സംഘടനയുടെ രൂപീകരണം. ആദ്യ ജില്ലാ യോഗമാണ് പാലക്കാട്ട് അടുത്തമാസം നടക്കുക.
Next Story

RELATED STORIES

Share it