kozhikode local

നോമ്പ്: മഹത്തായ അനുഗ്രഹം

ഇമാം ഗസാലി
അല്ലാഹു ദാസന്‍മാര്‍ക്കു നല്‍കിയ മഹത്തായ ഒരനുഗ്രഹമാണ് നോമ്പ്. പിശാചിന്റെ കുതന്ത്രങ്ങളെ പ്രതിരോധിക്കുന്ന സുഭദ്രകോട്ടയും സുശക്ത പരിചയുമാണത്. നബി: “നോമ്പ് മൊത്തം സഹനത്തിന്റെ പകുതിയാണ്.’’ അല്ലാഹു: സഹനശീലര്‍ക്കുള്ള പ്രതിഫലം അപരിമേയമായി അവര്‍ക്കു നിറവേറ്റിക്കൊടുക്കും.’’ നോമ്പിനുള്ള പ്രതിഫലം എല്ലാ കണക്കുകൂട്ടലുകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഉപരിയായിരിക്കുമെന്നര്‍ഥം.
നബി: “”അല്ലാഹുവാണ, നോമ്പുകാരന്റെ വായ്‌നാറ്റം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. അല്ലാഹു അരുളും: ദാസന്‍ എനിക്കുവേണ്ടിയാണ് കാമവികാരം അടക്കിവച്ചത്. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചത്. അതിനാല്‍, നോമ്പ് എനിക്കുള്ളത്. അതിന്റെ പ്രതിഫലം ഞാനാണ്.’’ നോമ്പിനുള്ള പ്രതിഫലമായി അല്ലാഹുവിനെ നേരില്‍ കാണാന്‍ കഴിയുമെന്നര്‍ഥം. നബി: നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. ഒന്ന്, നോമ്പ് തുറക്കുമ്പോള്‍. രണ്ട്, അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍.’’ തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം സുഖസൗകര്യങ്ങളാണ് അവര്‍ക്ക് ഒരുക്കിയിട്ടുള്ളതെന്ന് ഒരാളും അറിയുകയില്ല.’’ എന്ന ഖുര്‍ആന്‍ വചനം ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ആ പ്രവൃത്തിയാണ് നോമ്പ്. നോമ്പ് അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കും. അതുകൊണ്ടാണ് അതിനീ പ്രത്യേകത. മറ്റെല്ലാ ഇബാദത്തുകളും അല്ലാഹുവിനു വേണ്ടി തന്നെ. എന്നാല്‍, നോമ്പിനെക്കുറിച്ചു മാത്രം ഇങ്ങനെ പ്രത്യേകം പറയാന്‍ രണ്ടു കാരണമുണ്ട്.
1. നോമ്പ് എന്നാല്‍, പലതും ത്യജിക്കുക എന്നാണല്ലോ. അത് സ്വന്തം ശരീരത്തില്‍ രഹസ്യമായി ചെയ്യുന്ന കാര്യം. മറ്റാരും കാണുന്ന കര്‍മമല്ല. മറ്റു കര്‍മങ്ങള്‍ മറ്റുള്ളവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യും. നോമ്പ് അല്ലാഹു മാത്രമേ കാണുകയുള്ളൂ. അതായത്, നോമ്പ് മനുഷ്യന് തന്റെ അന്തരംഗത്ത് അനുഷ്ഠിക്കുന്ന കര്‍മമാണ്. ക്ഷമയും സഹനവുമാണ് അതില്‍ പ്രധാനം.
2. നോമ്പിലൂടെ ദൈവശത്രുവായ പിശാചിനെ തോല്‍പ്പിക്കാനാവുന്നു. പിശാച് മനുഷ്യനെ വഴിപിഴപ്പിക്കുന്നത് ദേഹേച്ഛയുടെ സഹായത്തോടെയാണ്. ഭക്ഷണപാനീയങ്ങള്‍ മൂലമാണ് ദേഹേച്ഛ ഉത്തേജിതമാവുന്നത്. പിശാചിനെ തോല്‍പ്പിക്കുന്നുവെന്നതിന്റെ അര്‍ഥം അല്ലാഹുവിനെ സഹായിക്കുന്നുവെന്നതാണ്. അല്ലാഹുവിനെ സഹായിക്കുന്നവര്‍ക്കേ അവന്റെ സഹായം ലഭിക്കുകയുള്ളൂ. അവന്‍ അരുളിയിട്ടുണ്ട്: “അല്ലാഹുവിനെ നിങ്ങള്‍ സഹായിക്കുന്നപക്ഷം അവന്‍ നിങ്ങളെ സഹായിക്കും, നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തും.’’
Next Story

RELATED STORIES

Share it