kasaragod local

നോമ്പ് തുറക്കാന്‍ ഒമാന്‍ ഈത്തപ്പഴം മുതല്‍ അജ്‌വ വരെ

കാസര്‍കോട്: പരിശുദ്ധ റമദാന്‍ സമാഗതമായതോടെ നോമ്പ് വിപണി സജീവമാകുന്നു. ഗള്‍ഫ് നാടുകളില്‍ നിന്നുള്ള വിവിധ തരം ഈത്തപ്പഴങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. ഗുണമേന്‍മയും രുചിയും കൂടുതലുള്ള ഈത്തപ്പഴങ്ങളുടെ വില കഴിഞ്ഞ തവണത്തേക്കാളും കൂടിയിട്ടുണ്ട്. ഇതില്‍ കിലോവിന് 2000 രൂപ മുതല്‍ 5000 രൂപ വരെയുള്ള ഏറ്റവും വില കൂടിയ ഈത്തപ്പഴം അജ്‌വയാണ് മുന്‍പന്തിയില്‍. മദീനയില്‍ നിന്നുള്ള ഇനമാണിത്. ഇറാനില്‍ നിന്നുള്ള ഈത്തപ്പഴത്തിന്റെ വില കിലോയ്ക്ക് 240 രൂപയാണ്.
ടുണീഷ്യയില്‍ നിന്നുള്ള ഈത്തപ്പഴത്തിന് കിലോഗ്രാമിന് 300 ഉം ഒമാനില്‍ നിന്നുള്ളതിന് 180 രൂപയുമാണ് വില. നോമ്പ് മുറിക്കാന്‍ പഴമക്കാര്‍ മുതല്‍ പുതുതലമുറ വരെ ഈത്തപ്പഴയും കാരക്കയുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 100 രൂപയാണ് ഒരു കിലോ വില. സാധാരണക്കാരന് ആശ്വാസമായി കറാച്ചി ഈത്തപ്പഴം വിപണിയിലുണ്ട്. 70 രൂപയാണ് കിലോഗ്രാമിന് വില. അത്തിക്ക ഉപയോഗിച്ച് നോമ്പ് തുറക്കുന്നവര്‍ക്ക് ഇത്തവണ വില അല്‍പം കൂടിയിട്ടുണ്ട്. ഒരു കിലോ വേണമെങ്കില്‍ 450 രൂപ നല്‍കണം.
നോമ്പിന് പായസം, തരികാച്ചിയത് എന്നിവയ്ക്ക് രുചി കൂട്ടാനുള്ള പിസ്ത്തയ്ക്ക് കിലോയ്ക്ക് 900ഉം ബദാമിന് 700 രൂപയുമാണ് വിപണിയിലെ വില. സര്‍ബത്ത് ഉണ്ടാക്കാനും വയറിന് തണുപ്പ് നല്‍കാനുമുള്ള വിവിധ തരം കസ്‌കസിന് 140 രൂപ മുതല്‍ 280 രൂപ വരെയാണ് വില. ഈസബ്‌കോലിന് പാക്കറ്റിന് 35 രൂപയാണ് വില.
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ഫുജി ആപ്പിളിന് കിലോ 140 രൂപയും വാഷിങ്ടണ്‍ 180 രൂപയും ഇറ്റലിയില്‍ നിന്ന് മാംഗോസ്റ്റിക്ക് 300 ഉം ശമാമിന് 50ഉം അനാറിന് 120 ഉം പപ്പായ 40 രൂപയും പൈനാപ്പിളിന് 40 ഉം സപ്പോട്ടയ്ക്ക് 50ഉം മുസംബിക്കും ഓറഞ്ചിനും 80 രൂപയുമാണ് കിലോഗ്രാമിന് വില. മുന്തിരി കറുപ്പിന് 60 രൂപയും വെള്ളക്ക് 80 രൂപയുമാണ് വില. തണ്ണിമത്തത് 22 രൂപയുണ്ട്.
മാങ്ങ സീസണായതിനാല്‍ ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നാണ് പ്രധാനമായും എത്തുന്നത്. 40 രൂപ മുതല്‍ 80 രൂപയാണ് വില. അത്താഴത്തിന് പച്ചക്കറികള്‍ക്കാണ് നോമ്പുകാര്‍ പരിഗണന നല്‍കുന്നത്. ഇത്തവണ പച്ചക്കറികളുടെ വില കുതിച്ചുകയറിയിട്ടുണ്ട്.
ഇറച്ചി കോഴിയുടെ വില കഴിഞ്ഞ റമദാനിന് 90 രൂപ വരേയാണ് ഉണ്ടായതെങ്കില്‍ ഇത്തവണ 125 രൂപയിലെത്തി. ഇനിയും വില കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. റമദാനില്‍ മാവേലി സ്‌റ്റോറുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it