ernakulam local

നോക്കുകൂലി ആവശ്യപ്പെട്ടെത്തിയ തൊഴിലാളികളെ ഓടിച്ചു

മൂവാറ്റുപുഴ: എംപി ഫണ്ടില്‍നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ടെത്തിയ തൊഴിലാളികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. ശനിയാഴ്ച രാത്രി കക്കടാശ്ശേരി കവലയിലാണ് സംഭവം. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഫണ്ടില്‍നിന്നും അനുവദിച്ച തുക ഉപയോഗിച്ചു കൊച്ചി-മധുര ദേശീയപാതയിലെ കക്കടാശ്ശേരിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ മാസങ്ങള്‍ക്കുമുമ്പ് അനുമതിയായത്.
ലൈറ്റ് സ്ഥാപിക്കുന്നതിനായി സാമഗ്രികള്‍ എത്തിച്ച് പണികള്‍ നടക്കുന്നതിനിടെ ഒരുസംഘം ചുമട്ടുതൊഴിലാളികള്‍ രംഗത്തെത്തുകയായിരുന്നു. പ്രദേശത്തെ തൊഴിലാളികളാണെന്നും തങ്ങളെ പണികള്‍ക്ക് കൂട്ടണമെന്നും അല്ലെങ്കില്‍ അയ്യായിരം നല്‍കണമെന്നും ആവശ്യപ്പെട്ടുവത്രെ.
എന്നാല്‍ തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാതെ പണികള്‍ നടത്തിയത് തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
പണികള്‍ തടയാനെത്തിയ തൊഴിലാളികള്‍ക്കെതിരേ നാട്ടുകാര്‍ സംഘടിച്ചു രംഗത്തുവന്നതോടെ വാക്കേറ്റവും ഉന്തുംതള്ളുമായി.
ഒടുവില്‍ കൂട്ടയടിയില്‍ കലാശിച്ചതോടെ കൂടുതല്‍ നാട്ടുകാരെത്തി പ്രശ്‌നക്കാരെ തല്ലിയോടിച്ചതോടെയാണ് രംഗം ശാന്തമായത്. സംഭവമറിഞ്ഞ് മൂവാറ്റുപുഴ പോലിസും സ്ഥലത്തെ ത്തി. കൂട്ടയടിയില്‍ പലര്‍ക്കും പരിക്കേറ്റെങ്കിലും ആരും ചികില്‍സ തേടിയിട്ടില്ല.
തിരക്കേറിയ കക്കടാശ്ശേരി കവലയില്‍ തെരുവുവിളക്കുകളില്ലാത്തത് അപകടങ്ങള്‍ നിത്യസംഭവമാണ്. ഒന്നരമാസം മുമ്പ് ഇവിടെയുണ്ടായ അപകടത്തില്‍ പള്ളി ഇമാമിന്റെ ഭാര്യയും മകളും ദാരുണമായി മരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ സംഘടിച്ച് രംഗത്തുവരികയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. കൊടുംവളവായ കവലയില്‍ രാത്രി കടകളടച്ചാല്‍ കൂരിരിട്ടാവും. ഇതാണ് അടിക്കടി അപകടങ്ങള്‍ സംഭവിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
വെളിച്ചമില്ലാത്തത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാവുകയാണ്. ഇതേത്തുടര്‍ന്നാണ് കവലയില്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അടിയന്തരമായി പണികള്‍ തുടങ്ങിയത്.
Next Story

RELATED STORIES

Share it