Articles

നേര്‍ക്കാഴ്ചകളെ തടയുന്ന സിദ്ധാന്തവാശി

വര്‍ഗീയതയ്‌ക്കെതിരായ ഐക്യം-2 എം എം സോമശേഖരന്‍

മധ്യകാലികതയ്‌ക്കെതിരായ സമരത്തിന്റെ ഒരു പ്രധാന ഭാഗമായ ഫ്യൂഡല്‍ വിരുദ്ധ സമരത്തെയും കാര്‍ഷിക വിപ്ലവത്തെയും കുറിച്ചെല്ലാം തുടര്‍ന്നുള്ള കാലത്ത് സംസാരിച്ചത് പ്രധാനമായും കമ്മ്യൂണിസ്റ്റുകാരാണ്. എന്നാല്‍, ഫ്യൂഡലിസത്തെ ഒരു സാമ്പത്തിക സംവര്‍ഗം മാത്രമായി ന്യൂനീകരിച്ചു കണ്ട ഇന്ത്യന്‍ മാര്‍ക്‌സിസത്തിനു ഫലപ്രദമായി ഇത് മുന്നോട്ടുകൊണ്ടുപോവാനാവുമായിരുന്നില്ല. പാശ്ചാത്യ മുതലാളിത്ത സമൂഹത്തിന്റെ കണ്ണിലൂടെയാണ് ഇന്ത്യന്‍ മാര്‍ക്‌സിസം ഇതിനെയെല്ലാം നോക്കിക്കണ്ടത് എന്നു പറയാം. സോവിയറ്റ് യൂനിയനില്‍ നിന്നടക്കം പുറത്തുവന്ന മാര്‍ക്‌സിസത്തിന്റെ ലളിതമായ പാഠപുസ്തക ഭാഗങ്ങളില്‍ ഉറച്ചുപോയ ഒരു മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിന് ഇതിലപ്പുറം പോവാന്‍ കഴിയുമായിരുന്നുമില്ല. മാര്‍ക്‌സിനെ വളരെ കുറച്ചു മാത്രമാണത് നേരിട്ടു വായിച്ചത്. മാര്‍ക്‌സ് ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെയാണ് നോക്കിക്കണ്ടതെന്നു മനസ്സിലാക്കാന്‍ ഇന്ത്യന്‍ മാര്‍ക്‌സിസത്തിനു പൊതുവില്‍ കഴിഞ്ഞിരുന്നുമില്ല.
ഷേക്‌സ്പിയര്‍ കവിതയിലെപ്പോലെ എല്ലാറ്റിനെയും പണം നിര്‍ണയിക്കുകയും സാമ്പത്തികാധാരം എല്ലാറ്റിനും മുകളില്‍ മുന്‍തള്ളിവരുകയും ചെയ്യുന്ന മുതലാളിത്തവും മുതലാളിത്തപൂര്‍വ സമൂഹവും തമ്മില്‍ മാര്‍ക്‌സ് വേര്‍തിരിച്ചുകണ്ടിട്ടുണ്ട്. സാമ്പത്തിക അടിത്തറയാല്‍ നിര്‍ണയിക്കപ്പെടുന്ന കല, സാഹിത്യം, സംസ്‌കാരം, തത്ത്വചിന്ത, മതം തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള മാര്‍ക്‌സ് മാര്‍ക്‌സിസ്റ്റായി മാറുന്ന കാലത്തെ ആലങ്കാരികം എന്നുകൂടി പറയാവുന്ന ഒരു സരണിക്കപ്പുറം മാര്‍ക്‌സ് ഒരുപാട് വളര്‍ന്നിട്ടുണ്ടെങ്കിലും മാര്‍ക്‌സിസ്റ്റുകള്‍ക്ക് പൊതുവില്‍ വരാനായിട്ടില്ല എന്നതാണിതിലെ ദുര—ന്തം. ഇങ്ങനെ വ്യത്യസ്ത ജ്ഞാനരൂപങ്ങള്‍ തന്നെയും മുതലാളിത്തപൂര്‍വ സമൂഹങ്ങളില്‍ ശാഖോപശാഖകളായി രൂപപ്പെട്ടുകഴിഞ്ഞിരുന്നുമില്ല.
മതശാസ്ത്രമാണ് ശാസ്ത്രമടക്കം മധ്യകാലത്ത് യൂറോപ്പില്‍ എല്ലാ വിജ്ഞാനശാഖകളെയും നിയന്ത്രിച്ചത്. മതമാണ് രാഷ്ട്രീയത്തെയും നിയമത്തെയും ചിന്തയെയും എല്ലാം നിയന്ത്രിച്ചതും സമൂഹത്തിന്റെ പ്രധാന സംഘടനാ രൂപമായിത്തീര്‍ന്നതും.
മുതലാളിത്ത സമൂഹത്തെ പഠിക്കുന്നതില്‍ തന്നെ ഒട്ടേറെ പരിമിതികളുള്ള അടിത്തറ-ഉപരിഘടനാ സങ്കല്‍പങ്ങള്‍ അതേപടി മുതലാളിത്തപൂര്‍വ സമൂഹങ്ങളിലേക്ക് വ്യാപിപ്പിച്ചാല്‍ അങ്ങേയറ്റം വഷളായ ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണമാവും ലഭിക്കുക. ഇന്ത്യയിലെ ജാതിയെയും മതത്തെയും കുറിച്ചെല്ലാമുള്ള ഈ വഷളന്‍ കാഴ്ചപ്പാടാണ് മാര്‍ക്‌സിസത്തിന്റെ പേരില്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ തുടര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ, ജാതിയും മതവും കേന്ദ്രവിഷയമായി പ്രവര്‍ത്തിച്ച നവോത്ഥാനത്തെയോ അതിന്റെ സങ്കീര്‍ണ വഴികളെയോ ശരിയായി തിരിച്ചറിയാന്‍ അത് അപ്രാപ്തമായിരുന്നു.
കമ്മ്യൂണിസവും ഗാന്ധിയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത് ഏതാണ്ടൊരേ കാലത്തുതന്നെയാണ്. പക്ഷേ, ഗാന്ധിജിക്ക് ഇത്തരം സിദ്ധാന്തഭാരങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വളരെ സ്വാഭാവികവും പ്രായോഗികവുമായി പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്. ഏതെങ്കിലും സിദ്ധാന്തം വഴികാട്ടിയിട്ടല്ല ഗാന്ധിജി ചമ്പാരനിലെ കാര്‍ഷിക പ്രശ്‌നത്തില്‍ നിന്ന് ദേശീയ പ്രസ്ഥാനത്തിലെ തന്റെ ജൈത്രയാത്ര ആരംഭിക്കുന്നതും.
മറുവശത്ത് കമ്മ്യൂണിസ്റ്റുകള്‍ക്ക് സിദ്ധാന്തം സമൂര്‍ത്ത യാഥാര്‍ഥ്യത്തെ കൂടുതല്‍ തെളിമയോടെ കാണാനും വിശകലനം ചെയ്യാനുമുള്ള ഒരുപാധിയാവുന്നതിനു പകരം നേര്‍ക്കാഴ്ചകളെ തടസ്സപ്പെടുത്തുന്ന ഒരു ഭാരമായി മാറുന്നതാണ് പലപ്പോഴും നാം കാണുക. ലെനിന്‍ ആവര്‍ത്തിച്ചു പറഞ്ഞ “സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്ത വിശകലന’ത്തിനു പകരം ചില പാഠപുസ്തക സിദ്ധാന്തങ്ങളാണ് ഇവിടെ മുഴച്ചുനിന്നതെന്നും പറയാം.
വില കുറഞ്ഞ സിദ്ധാന്തജാടകള്‍ കൊണ്ടുള്ള പിളര്‍പ്പിനു പകരം യാഥാര്‍ഥ്യബോധത്തിലേക്ക് ഇറങ്ങിവരാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അതിന്റെ ഭാവി. ദീര്‍ഘകാല ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നതും തിരഞ്ഞെടുപ്പുകളെ മാത്രം നോക്കിയുള്ളതു മാത്രമല്ലാത്ത മതനിരപേ—ക്ഷവും ജാതിമുക്തവുമായ ഒരു ജനാധിപത്യ സമൂഹനിര്‍മിതിക്കു വേണ്ടിയുള്ള നവോത്ഥാനത്തെ പിന്‍പറ്റുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രസക്തിയാണ് പ്രഥമവും നിര്‍ണായകവും.
എന്നാല്‍, മറുവശത്ത് ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങളെ തന്നെ അസാധ്യമോ ദുസ്സാധ്യമോ ആക്കുന്ന പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന വര്‍ഗീയ ഭരണത്തെ പരാജയപ്പെടുത്തുക എന്നതുതന്നെയാണ് ഇന്നത്തെ അടിയന്തര കടമ. ഈ ദീര്‍ഘകാല ലക്ഷ്യത്തെയും അടിയന്തര കടമയെയും പരസ്പരപൂരകമായല്ലാതെ വിരുദ്ധമാക്കി കാണുന്നവരുടെ താല്‍പര്യം മറ്റെന്തോ ആണെന്നുതന്നെ വേണം സംശയിക്കാന്‍. ി

(അവസാനിച്ചു.)



Next Story

RELATED STORIES

Share it